Sunday, November 24, 2024

ലെബനനിൽ ഉപകരണ സ്ഫോടനങ്ങളുടെ രണ്ടാം തരംഗം: 20 പേർ കൊല്ലപ്പെട്ടു; 450 പേർക്ക് പരിക്ക്

ലെബനനിൽ വയർലെസ് കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളിൽ നിന്നുള്ള രണ്ടാമത്തെ സ്ഫോടനത്തിൽ 20 പേർ കൊല്ലപ്പെടുകയും 450 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി രാജ്യത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാനമായ ബെയ്‌റൂട്ടിൻ്റെ തെക്കൻ പ്രാന്തപ്രദേശങ്ങൾ, ബെക്കാ താഴ്‌വര, തെക്കൻ ലെബനൻ എന്നിവിടങ്ങളിൽ ഹിസ്ബുള്ള സായുധ സംഘം ഉപയോഗിച്ചിരുന്ന വാക്കി-ടോക്കികൾ ആണ് പൊട്ടിത്തെറിച്ചത്.

ഹിസ്ബുള്ള സായുധ സംഘത്തിന്റെ ശക്തി കേന്ദ്രങ്ങളായി അറിയപ്പെട്ടിരുന്ന ഭാഗങ്ങളിൽ ആണ് ആക്രമണം ഉണ്ടായത്. ഇന്നലെയുണ്ടായ പേജർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെടുകയും മൂവായിരത്തോളം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അടുത്ത സ്ഫോടന പരമ്പര ഉണ്ടായത്.

എത്ര വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചു എന്ന കാര്യത്തിൽ കൃത്യമായ അറിവില്ല. കിഴക്കൻ ലെബനനിൽ‌ ലാൻഡ്‌ലൈൻ ഫോണുകളും പൊട്ടിത്തെറിച്ചതായും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വാങ്ങിയ വയർലെസ് റേഡിയോകളും വാക്കിടോക്കികളുമാണ് പൊട്ടിത്തെറിച്ചിട്ടുള്ളത്. പേജറുകൾ വാങ്ങിയ അതേസമയത്തായിരുന്നു ഈ ഉപകരണങ്ങളും വാങ്ങിയിട്ടുള്ളത് എന്നതാണ് പ്രത്യേകത.

ഇസ്രായേലിൻ്റെ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് “യുദ്ധത്തിൻ്റെ പുതിയ ഘട്ടം” പ്രഖ്യാപിക്കുകയും വടക്കോട്ട് ഇസ്രായേൽ സൈനിക വിഭാഗത്തെ പുനർവിന്യസിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ചയിലെ സ്ഫോടനങ്ങൾക്ക് മണിക്കൂറുകൾക്ക് ശേഷം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജ്യത്തിൻ്റെ വടക്ക് നിന്ന് കുടിയിറക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകളെ “സുരക്ഷിതമായി അവരുടെ വീടുകളിലേക്ക്” തിരികെ കൊണ്ടുവരുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

ഇസ്രയേൽ യുദ്ധത്തിൽ ഒരു പുതിയ ഘട്ടം തുറക്കുകയാണെന്നും, വിഭവങ്ങളുടെയും സൈനിക ശക്തിയുടെയും വഴിതിരിച്ചുവിടലിലൂടെ ഗുരുത്വാകർഷണ കേന്ദ്രം വടക്കോട്ട് മാറുകയാണെന്നും പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞു. അടുത്തിടെ ഗാസയിൽ യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ഒരു സൈനിക ഡിവിഷൻ വടക്കോട്ട് പുനർവിന്യസിച്ചതായി ഇസ്രായേൽ സൈന്യവും സ്ഥിരീകരിച്ചു.

Latest News