പാലസ്തീനിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിൽ അവതരിപ്പിക്കപ്പെട്ട പ്രമേയത്തിലെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. 12 മാസത്തിനകം പലസ്തീൻ പ്രദേശങ്ങളിലെ ഇസ്രായേലിന്റെ അനധികൃത സാന്നിധ്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേലായിരുന്നു അഭിപ്രായ വോട്ടെടുപ്പ് നടന്നത്.
പ്രമേയത്തിന് അനുകൂലമായി 124 വോട്ടുകളും എതിർത്ത് 14 വോട്ടുകളും ലഭിച്ചപ്പോൾ 43 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതായും വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഓസ്ട്രേലിയ, കാനഡ, ജർമനി, ഇറ്റലി, നേപ്പാൾ, ഉക്രെയ്ൻ, യുകെ തുടങ്ങി പ്രമുഖ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇസ്രയേലും അമേരിക്കയും പ്രമേയത്തെ എതിർക്കുകയും ഇസ്രയേലിന്റെ നയങ്ങളെ ന്യായീകരിക്കുകയും ചെയ്തു.
യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ പ്രമേയം നിരസിച്ചു. ‘ഇസ്രായേലിന്റെ നിയമസാധുത തകർക്കാൻ രൂപകൽപ്പന ചെയ്ത രാഷ്ട്രീയ പ്രേരിത നീക്കം’ മാണെന്ന് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രമേയം സമാധാനം സ്ഥപിക്കാൻ സഹായിക്കില്ല എന്നും പകരം മേഖലയിലെ സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്നും യുഎസ് പ്രതിനിധിയും കൂട്ടിച്ചേർത്തു.