Sunday, November 24, 2024

യുദ്ധം ഒരു പരാജയമാണെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് പാപ്പ

വർഷങ്ങളായി ലോകസമാധാനത്തിന് കടുത്ത ഭീഷണിയുയർത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സായുധസംഘർഷങ്ങളും യുദ്ധങ്ങളും തുടരുമ്പോൾ, സമാധാനത്തിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സെപ്റ്റംബർ 18 ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ വിശ്വാസികൾക്കായി അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്.

യുദ്ധമെന്നത് എപ്പോഴും ഒരു പരാജയമാണെന്ന് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ പറഞ്ഞു. പാലസ്തീൻ, ഇസ്രായേൽ, ഉക്രൈൻ, മ്യാന്മാർ എന്നീ പ്രദേശങ്ങളിലെ സംഘർഷങ്ങൾ പ്രത്യേകമായി പരാമർശിച്ച പാപ്പ, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നടമാടുന്ന യുദ്ധങ്ങൾക്കെതിരെയും സംസാരിച്ചു. സമാധാനം തേടുന്ന ഒരു ഹൃദയം ദൈവം ഏവർക്കും നൽകട്ടെയെന്ന് പാപ്പ ആശംസിച്ചു. അതുവഴി, യുദ്ധമെന്ന പരാജയത്തെ തോൽപ്പിക്കാൻ സാധിക്കട്ടെയെന്ന് പാപ്പ കൂട്ടിച്ചേർത്തു.

യൂറോപ്പിലെ കാലാവസ്ഥാപ്രതിസന്ധികൾ

പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനഭാഗത്ത്, മധ്യ-പൂർവ്വ യൂറോപ്പിൽ കടുത്ത മഴയും മറ്റു കാലാവസ്ഥാപ്രതിസന്ധികളും മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഓസ്ട്രിയ, റൊമാനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലെ ജനങ്ങളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. കടുത്ത മഴയെത്തുടർന്നുണ്ടായ വലിയ വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഈ പ്രദേശങ്ങളിലെ ജനങ്ങൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്ന് പാപ്പ പറഞ്ഞു. സംഭവത്തിൽ ജീവൻ നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ള എല്ലാവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും പാപ്പ തന്റെ പ്രാർഥനകളും ആത്മീയസാന്നിദ്ധ്യവും വാഗ്ദാനം ചെയ്തു. ഈ പ്രതിസന്ധിയിലകപ്പെട്ട ആളുകൾക്ക് സഹായമെത്തിക്കുന്ന കത്തോലിക്കാപ്രാദേശികസമൂഹങ്ങളുൾപ്പെടെയുള്ള ഏവർക്കും പാപ്പ നന്ദി പറഞ്ഞു.

മധ്യ-പൂർവ്വ യൂറോപ്പിൽ ഈ ദിവസങ്ങളിൽ വീശിയടിച്ച ബോറിസ് കൊടുങ്കാറ്റിൽ നിലവിൽ 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റ് ഏഴുപേരെക്കൂടി ഇനിയും കണ്ടുകിട്ടാനുണ്ട്. അപ്പസ്തോലികയാത്രയുടെ സുഗമമായ നടത്തിപ്പിനായി പ്രവർത്തിച്ച ഏവർക്കും പാപ്പ നന്ദി പറഞ്ഞു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Latest News