എച്ച്.ഐ.വി. അണുബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്ന കുത്തിവെപ്പുമരുന്നിന് പേറ്റന്റ് നൽകാനുള്ള നീക്കത്തിനെതിരേ പൊതുജനാരോഗ്യസംഘടനകൾ പ്രതിഷേധം ശക്തമാക്കി. ‘ലെനക്കാപ്പിവിർ’ എന്ന മരുന്നിനുമേലുള്ള അവകാശത്തിനായി അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീലാഡ് കമ്പനിയാണ് അപേക്ഷ നൽകിയത്.
എച്ച്.ഐ.വി. ബാധിതരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സങ്കല്പ് റീഹാബിലിറ്റേഷൻ ട്രസ്റ്റാണ് പേറ്റന്റ് അനുവദിക്കുന്നതിനെതിരേ പരാതി ഉയർത്തിയത്. പുതിയ കണ്ടുപിടിത്തങ്ങൾക്കാണ് ഇന്ത്യയിലെ നിയമപ്രകാരം പേറ്റന്റ് നൽകുന്നത്. എന്നാൽ എയ്ഡ്സ് പ്രതിരോധത്തിൽ ഫലപ്രദമായി ഉപയോഗിച്ചുവരുന്ന രാസമൂലകത്തിന്റെ പരിഷ്കൃതരൂപമാണ് ‘ലെനക്കാപ്പിവിർ’ എന്നാണ് പേറ്റന്റിനെ എതിർക്കുന്നവരുടെ വാദം. വർഷത്തിൽ രണ്ടുതവണ നൽകുന്ന ഈ കുത്തിവയ്പ്പിനു നിലവിൽ മികച്ച ഫലമാണ് ഉള്ളത്.
മരുന്നിന് പേറ്റന്റ് നൽകുന്നപക്ഷം അതിന്റെ കാലാവധി 2038-വരെ നീണ്ടുനിൽക്കും. ഈ കാലയളവിൽ കുറഞ്ഞ നിരക്കിൽ മരുന്ന് വിപണിയെത്തിക്കാൻ കഴിയില്ല. ഇക്കാരണത്താൽ ആണ് പേറ്റന്റ് നൽകുന്നതിനെ എതിർക്കുന്നത്. അപേക്ഷ പരിഗണിക്കുന്ന ഇന്ത്യൻ പേറ്റന്റ് ഓഫീസിനുമുന്നിൽ വാദങ്ങൾ നിരത്താൻ ഇവർക്ക് സമയം അനുവദിച്ചിട്ടുണ്ട്. നിലവിൽ സങ്കല്പിന് നിയമപരമായ പിന്തുണ നൽകുന്നത് തേഡ് വേൾഡ് നെറ്റ് വർക്ക് എന്ന സംഘടനയാണ്. മൂന്നാംലോക രാജ്യങ്ങളിൽ വിലകുറഞ്ഞ മരുന്നുകളെത്തിക്കാൻ സേവനം ചെയ്യുന്ന സംഘടനയാണിത്.