ദിവസങ്ങളായി നീളുന്ന ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് തിരിച്ചടിയുമായി ഹിസ്ബുള്ള. ഞായറാഴ്ച പുലർച്ചെ വടക്കൻ ഇസ്രയേലിലെ ഹൈഫയിലേക്ക് ഏകദേശം 85 റോക്കറ്റുകളാണ് ഹിസ്ബുള്ള വർഷിച്ചത്. ആക്രമണത്തിൽ വടക്കൻ മൂന്ന് പേർക്ക് പരിക്കേൽക്കുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് പറ്റുകയും ചെയ്തതായി ആണ് റിപ്പോർട്ട്.
ഹൈഫയ്ക്ക് സമീപമെത്തിയ ഏതാനും റോക്കറ്റുകൾ ആകാശത്തുവച്ചു തന്നെ ഇസ്രായേൽ തകർത്തതെന്ന് അറിയിച്ചിരുന്നു. എന്നാൽ വടക്കൻ തീരനഗരത്തിൻ്റെ പ്രാന്തപ്രദേശമായ കിര്യത് ബിയാലിക്കിൽ പതിച്ച മിസൈലുകളിൽ നിന്നുമാണ് മൂന്നു പേർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തത്.
ഒക്ടോബർ ഏഴിന് ശേഷം ഹിസ്ബുള്ള ഇസ്രയേൽ അതിർത്തിക്കുള്ളിലേയ്ക്ക് നടത്തുന്ന ഏറ്റവും വലിയ ദീർഘദൂര ആക്രമണമാണ് ഞായറാഴ്ച നടന്നത്. ആക്രമണങ്ങൾക്ക് പിന്നാലെ കഴിഞ്ഞ രാത്രി വടക്കൻ ഇസ്രയേലിലുടനീളം വ്യോമാക്രമണ സൈറണുകൾ സ്ഥാപിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ലെബനനിൽ 30-ലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത പേജർ, വോക്കി-ടോക്കി സ്ഫോടനങ്ങൾക്ക് മറുപടിയായാണ് വ്യോമാക്രമണമെന്നും ഹിസ്ബുള്ള വ്യക്തമാക്കി.