സെർച്ച് വാറൻ്റുകളോ മറ്റ് സാധുവായ നിയമപരമായ നടപടികളുടെയോ ആവശ്യങ്ങൾക്കായി അധികാരികൾ അപേക്ഷിച്ചാൽ ഉപയോക്താക്കളുടെ ഐപി വിലാസങ്ങളും ഫോൺ നമ്പറുകളും കൈമാറുമെന്ന് അറിയിച്ച് ടെലിഗ്രാം. അതിനായി സേവന നിബന്ധനകളിലെയും സ്വകാര്യതാ നയത്തിലും മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സിഇഒ പവൽ ദുറോവ് തിങ്കളാഴ്ച ഒരു ടെലിഗ്രാം പോസ്റ്റിൽ അറിയിച്ചു.
“99.999% ടെലിഗ്രാം ഉപയോക്താക്കൾക്കും കുറ്റകൃത്യങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 0.001% മുഴുവൻ പ്ലാറ്റ്‌ഫോമിനും മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നു. ഇത് ഞങ്ങളുടെ ഏകദേശം ബില്യൺ ഉപയോക്താക്കളുടെ താൽപ്പര്യങ്ങൾ അപകടത്തിലാക്കുന്നു,” പവൽ ദുറോവ് വ്യക്തമാക്കി.
കഴിഞ്ഞ മാസം പാരീസിന് വടക്കുള്ള ഒരു വിമാനത്താവളത്തിൽ പ്ലാറ്റ്‌ഫോമിൻ്റെ റഷ്യൻ വംശജനായ സഹസ്ഥാപകനായ മിസ്റ്റർ ഡുറോവിന് ഫ്രഞ്ച് അധികൃതർ തടഞ്ഞുവച്ചിരുന്നു. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനും മയക്കുമരുന്ന് കടത്തുന്നതിനും കൂട്ടുനിന്നുവെന്നതാണ് ഇയാൾക്കെതിരെയുള്ള ആരോപണങ്ങൾ. നിയമപാലകരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതിനും ഇയാൾക്കെതിരെ കേസെടുത്തു. കുറ്റാരോപണങ്ങൾ നിഷേധിച്ച ഡുറോവ്, അറസ്റ്റിന് തൊട്ടുപിന്നാലെ അധികാരികൾക്ക് നേരെ ശക്തമായി പ്രതികരിച്ചിരുന്നു. പ്ലാറ്റ്‌ഫോമിൽ മൂന്നാം കക്ഷികൾ ചെയ്ത കുറ്റകൃത്യങ്ങൾക്ക് തന്നെ ഉത്തരവാദിയാക്കുന്നത് ആശ്ചര്യകരവും തെറ്റായ പ്രവണതയും ആണെന്ന് ഡുറോവ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ സ്വകാര്യ വിവരങ്ങൾ അധികൃതർക്ക് കൈമാറാനുള്ള നയം ടെലിഗ്രാം സ്വീകരിച്ചത്.
ടെലിഗ്രാമിന്റെ വിവിധ ഗ്രൂപ്പുകളിൽ 200,000 പേർക്ക് വരെ അംഗങ്ങളാക്കാൻ കഴിയും. ഈ സവിശേഷത കാരണം ടെലിഗ്രാം തെറ്റായ വിവരങ്ങൾ, കുട്ടികളുടെ അശ്ലീലം, ഭീകരതയുമായി ബന്ധപ്പെട്ട ഉള്ളടക്കം എന്നിവയുടെ കേന്ദ്രമായി മാറിയെന്ന് വിമർശകർ പറയുന്നു. മെറ്റയുടെ കീഴിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളിൽ ഒന്നിൽ നിലവിൽ ആയിരം പേർക്ക് മാത്രമേ അംഗങ്ങളാകാൻ സാധിക്കുകയുള്ളു.
39 കാരനായ ചീഫ് എക്‌സിക്യൂട്ടീവിൻ്റെ അറസ്റ്റ് ഇൻ്റർനെറ്റിലെ സംസാര സ്വാതന്ത്ര്യത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കമിട്ടിരുന്നു.
ടൊറൻ്റോ യൂണിവേഴ്‌സിറ്റി സിറ്റിസൺ ലാബിലെ മുതിർന്ന ഗവേഷകനായ ജോൺ സ്കോട്ട്-റെയിൽട്ടൻ്റെ അഭിപ്രായത്തിൽ, മിസ്റ്റർ ഡുറോവിൻ്റെ തടങ്കലിനുശേഷം, ടെലിഗ്രാം യഥാർത്ഥത്തിൽ രാഷ്ട്രീയ വിമതർക്ക് സുരക്ഷിതമായ ഇടമാണോ എന്ന് പലരും ചോദ്യം ചെയ്യാൻ തുടങ്ങി. ഈ ഏറ്റവും പുതിയ നയം ഇതിനകം തന്നെ പല കമ്മ്യൂണിറ്റികളിലും കൂടുതൽ ആശങ്കയോടെ സ്വാഗതം ചെയ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു.