കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന്റെ ലോറി ഗംഗാവലി പുഴയിൽനിന്ന് കണ്ടെത്തി. ലോറിയുടെ ക്യാബിനിൽ ഒരു മൃതദേഹവും കണ്ടെത്തി; എങ്കിലും അത് ആരുടേതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഉരുൾപൊട്ടലുണ്ടായി എഴുപത്തിരണ്ടാം ദിവസമാണ് പുഴയിൽനിന്നും ലോറി കണ്ടെത്തുന്നത്.
ലോറി അർജുൻ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. ലോറിയുടെ ക്യാബിനിലുണ്ടായിരുന്ന മൃതദേഹഭാഗം അധികൃതർ പുറത്തെടുത്തു. ലോറി കരയ്‌ക്കെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ് ഇപ്പോൾ. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അടയാളപ്പെടുത്തിയ മേഖലയിൽ ഡ്രഡ്ജർ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് ലോറി കണ്ടെത്താൻ കഴിഞ്ഞത്. നാവികസേനയുടെ സംഘമടക്കമാണ് തിരച്ചിൽദൗത്യത്തിന് ഉണ്ടായിരുന്നത്. പ്രതികൂലമായ കാലാവസ്ഥ ലഭിച്ചതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
സിപി 2 മേഖലയിൽനിന്നാണ് അർജുന്റെ ലോറി കണ്ടെടുത്തത്. ഇനി കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് അറിയുന്നതിനുള്ള നടപടികൾ ആരംഭിക്കും. അതിനുശേഷം മാത്രമേ ബോഡി അർജുന്റെതാണെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. ജൂലൈ 16-നു രാവിലെ പൻവേൽ-കന്യാകുമാരി ദേശീയപാതയിലായിരുന്നു മണ്ണിടിച്ചിൽ ഉണ്ടായത്.