Sunday, November 24, 2024

മുനമ്പം ഭൂമിപ്രശ്നത്തിൽ രാഷ്ട്രീയപാർട്ടികളുടെ നിലപാടുകൾ വഞ്ചനാപരം: കത്തോലിക്ക കോൺഗ്രസ്

മുനമ്പത്ത് തീറ് വാങ്ങിയ ഭൂമിയിൽനിന്ന് മത്സ്യത്തൊഴിലാളികളെ കുടിയിറക്കാനുള്ള നീക്കം മനുഷ്യാവകാശലംഘനമാണെന്നും അറുനൂറോളം മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ അവകാശം നിഷേധിച്ച് ഭൂമി കൈയടക്കാനുള്ള വഖഫ് ബോർഡ് നീക്കത്തിൽ രാഷ്ട്രീയപാർട്ടികളുടെ നിലപാടുകൾ വഞ്ചനാപരമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.

കേരളത്തിന്റെ രക്ഷകരെന്നു വാഴ്ത്തിയ മത്സ്യത്തൊഴിലാളികൾക്ക് കാടൻനിയമംമൂലം ഭൂമി ഇല്ലാതാകുമ്പോൾ അവരുടെ പക്ഷംചേരാൻ രാഷ്ട്രീയപാർട്ടികൾക്കു സാധിക്കാത്തത് ഭീരുത്വമാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി ഒരു ജനസമൂഹത്തെ ഒറ്റിക്കൊടുക്കുന്ന രാഷ്ട്രീയനേതാക്കന്മാരുടെ മുഖം മതേതരത്വത്തിന് ഭൂഷണമല്ല. ഈ വിഷയത്തിൽ ഇടതു-വലതു രാഷ്ട്രീയപാർട്ടികൾ പരസ്യനിലപാട് വ്യക്തമാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

കേരളത്തിലെ പ്രമുഖ മുസ്ലീം സ്ഥാപനമായ ഫാറൂക്ക് മാനേജ്മെന്റ്, മത്സ്യത്തൊഴിലാളികൾക്കു വിറ്റ ഭൂമിയിലാണ് പിന്നീട് വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികളെ ഇല്ലാതാക്കാൻ സംഘടിതശ്രമം ഉണ്ടായിട്ടുണ്ടോ എന്ന് കേന്ദ്രസർക്കാർ അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഇത്തരത്തിൽ വഖഫ് തെറ്റായ അവകാശവാദം ഉന്നയിക്കുന്ന വേറെയും സ്ഥലങ്ങളുണ്ടോ എന്ന് സർക്കാർ പരിശോധിച്ച് പ്രസിദ്ധപ്പെടുത്തണം.

മുനമ്പത്തെ മത്സ്യത്തൊഴിലാളികളുടെ മനുഷ്യാവാകാശപ്രശ്നത്തിൽ കത്തോലിക്ക കോൺഗ്രസ് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു. മുനമ്പത്ത് ഉൾപ്പെടെ ഒരിടത്തും ഇത്തരത്തിലുള്ള അധിനിവേശം അനുവദിക്കില്ല എന്നും സംഘടിതമായി എതിർക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രഖ്യാപിച്ചു. വഖഫ് നിയമത്തിൽ കാലികമാറ്റം വരുത്താനുള്ള നിയമഭേദഗതിയിലെ പ്രസക്തമായ നിർദേശങ്ങളെ സ്വാഗതം ചെയ്യുന്നുവെനും കത്തോലിക്ക കോൺഗ്രസ് കൂട്ടിച്ചേർത്തു.

Latest News