റഷ്യയെ ആക്രമിച്ചാൽ തിരിച്ചടി ആണവായുധങ്ങൾ ഉപയോഗിച്ചുകൊണ്ടായിരിക്കും എന്നു മുന്നറിയിപ്പ് നൽകി പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. നിലവിൽ ഉക്രൈനിൽ അമേരിക്കൻ നിർമ്മിതമായ ആയുധങ്ങൾ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം മാറ്റാൻ ജോ ബൈഡനോട് വ്ലോഡിമിർ സെലൻസ്കി അഭ്യർത്ഥിച്ച സാഹചര്യത്തിലാണ് പുടിന്റെ മുന്നറിയിപ്പ്.
രാജ്യത്തിനെതിരെ മിസൈലുകളോ വിമാനങ്ങളോ ഡ്രോണുകളോ വൻതോതിൽ വിക്ഷേപിക്കുന്നതിനെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചാൽ ആണവായുധം ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള നയങ്ങൾ റഷ്യ മാറ്റുമെന്ന് പുടിൻ പറഞ്ഞു. റഷ്യയ്‌ക്കെതിരായ ഉക്രൈന്റെ ആക്രമണത്തെ പിന്തുണയ്ക്കുന്ന ഒരു ആണവശക്തിയെ ഈ യുദ്ധത്തിൽ പങ്കാളിയായി കണക്കാക്കുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി.
“ന്യൂക്ലിയർ ബ്ലാക്ക്‌മെയിലിംഗ് കൂടാതെ ലോകത്തെ ഭയപ്പെടുത്താൻ റഷ്യയ്ക്ക് ഇനി വേറെ മാർഗ്ഗമില്ല. ഈ ഭീഷണി വിലപോകില്ല,” എന്നാണ് റഷ്യയുടെ ഭീഷണിയോട് സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആൻഡ്രി യെർമാക് പ്രതികരിച്ചത്.
ആണവ പ്രതിരോധത്തെ കുറിച്ചു ചർച്ച ചെയ്യുന്ന റഷ്യയുടെ സുരക്ഷാ കൗൺസിൽ യോഗത്തിനിടയിലായിരുന്നു പുടിന്റെ ഈ മുന്നറിയിപ്പ്. സുരക്ഷാ കൗൺസിലിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘവുമായുള്ള കൂടിക്കാഴ്ചയിൽ റഷ്യ ആണവ സിദ്ധാന്തത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യത്തെ കുറിച്ചുള്ള സൂചനകളും പുടിൻ പങ്കുവച്ചിരുന്നു. ദീർഘദൂര പാശ്ചാത്യ മിസൈലുകൾ റഷ്യയിൽ ഉപയോഗിക്കാൻ ഉക്രൈന് അനുമതി നൽകുന്നതിനെതിരെ റഷ്യ നൽകിയഏറ്റവും ശക്തമായ മുന്നറിയിപ്പാണ് ഇത്.