Monday, November 25, 2024

ആശങ്ക ഉയർത്തി ചൈനയുടെ ദീർഘദൂര മിസൈൽ പരീക്ഷണം

ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിൻ്റെ (ഐസിബിഎം) പരീക്ഷണം ചൈന വിജയകരമായി നടത്തി എന്ന് പുതിയ റിപ്പോർട്ട്. ഇന്നലെ പ്രാദേശിക സമയം 08:44 ന് പസിഫിക് സമുദ്രത്തിൽ നടന്ന പരീക്ഷണം വിജയകരമായി എന്ന് ചൈനീസ് അധികൃതർ ആണ് വെളിപ്പെടുത്തിയത്. മിസൈലിന്റെ ദൂരപരിധി അവർ വെളിപ്പെടുത്തിയില്ലെങ്കിലും മിസൈലിന് യുഎസ് നഗരങ്ങളെ ലക്ഷ്യമിടാൻ ശേഷിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

പ്രതിരോധ നവീകരണത്തിൻ്റെ ഭാഗമായി ചൈന തങ്ങളുടെ ആണവായുധ ശേഖരം വർധിപ്പിച്ചതായി യുഎസ് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന് 5,500 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയും. ഇത് ചൈനയെ യുഎസ് മെയിൻലാൻ്റിൻ്റെയും ഹവായിയുടെയും സ്‌ട്രൈക്കിംഗ് പരിധിക്കുള്ളിൽ നിർത്തുന്നു.

എന്നാൽ ബെയ്ജിംഗിൻ്റെ ആയുധശേഖരം ഇപ്പോഴും യുഎസിൻ്റെയും റഷ്യയുടെയും വലിപ്പത്തിൻ്റെ അഞ്ചിലൊന്നിൽ താഴെയാണെന്നാണ് കണക്കാക്കുന്നത്. തങ്ങളുടെ ആണവ പരിപാലനം പ്രതിരോധത്തിനു മാത്രമാണെന്ന് ചൈന മുൻപും പറഞ്ഞിരുന്നു. ഈ പരീക്ഷണ വിക്ഷേപണം “പതിവ്” ആണെന്നും അതിൻ്റെ “വാർഷിക പരിശീലനത്തിൻ്റെ” ഭാഗമാണെന്നും ബീജിംഗിൻ്റെ പ്രതിരോധ മന്ത്രാലയം കൂട്ടിച്ചേർത്തു.

1980-കളിൽ ആണ് ചൈന ഒരു ഐസിബിഎം പരീക്ഷണം നടത്തിയതായി അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ടിരുന്നത്. “ഇത്തരത്തിലുള്ള പരീക്ഷണം യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങൾക്ക് അസാധാരണമല്ല, പക്ഷേ ചൈനയിൽ അത് അസാധാരമാണ്,” ആണവ മിസൈൽ അനലിസ്റ്റ് അങ്കിത് പാണ്ഡ ബിബിസിയോട് പറഞ്ഞു.

Latest News