കഴിഞ്ഞ ഇരുപത് ദിവസത്തിനിടെ റഷ്യ ഉക്രൈനിൽ നടത്തിയ ആക്രമണങ്ങൾക്കു ഇരകളായത് നാൽപ്പതോളം കുട്ടികൾ. സെപ്റ്റംബർ രണ്ടിന് ഉക്രൈനിൽ സ്‌കൂൾ വർഷം ആരംഭിച്ചതിനു ശേഷം നടന്ന ആക്രമണങ്ങളിൽ എട്ട് കുട്ടികൾ കൊല്ലപ്പെട്ടുവെന്നും തുടർച്ചയായ ആക്രമണങ്ങളിൽ മുപ്പത്തിയൊൻപത് കുട്ടികൾക്ക് പരിക്കേറ്റുവെന്നും യൂണിസെഫ് വെളിപ്പെടുത്തുന്നു. സെപ്റ്റംബർ 25 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ഈ വെളിപ്പെടുത്തൽ.
രാജ്യത്ത് സെപ്റ്റംബർ മാസത്തിൽ മാത്രം ഇരുപത്തിയേഴ് സ്‌കൂൾ കെട്ടിടങ്ങൾക്കുനേരെ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. യൂണിസെഫ് മിഷന്റെ മനുഷ്യാവകാശനിരീക്ഷണവിഭാഗം ഉക്രൈനിൽ നടത്തിയ പഠനങ്ങളിൽ, കഴിഞ്ഞ സെപ്റ്റംബർ രണ്ടുമുതലുള്ള ദിവസങ്ങളിൽ ദിവസം രണ്ടു കുട്ടികൾ വീതം ആക്രമണങ്ങൾക്ക് ഇരകളായിട്ടുണ്ടെന്ന് ഉക്രൈനിലേക്കുള്ള യൂണിസെഫ് പ്രതിനിധി മുനീർ മമ്മദ്സെയ്‌ദ് വ്യക്തമാക്കി. റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് ഈ കാലയളവിൽ മാത്രം ഇന്നുവരെ നടന്ന ആക്രമണങ്ങളിൽ എട്ട് കുട്ടികൾ മരണമടയുകയും, മുപ്പത്തിയൊൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. യുവജനങ്ങളുടെ ജീവൻ അവസാനിപ്പിക്കുന്നതിനൊപ്പം, കുട്ടികളുടെ മനസ്സിലും ശരീരത്തിലും ഉണങ്ങാത്ത മുറിപ്പാടുകളും ഈ ആക്രമണങ്ങൾ അവശേഷിപ്പിക്കുന്നുണ്ടെന്ന് യൂണിസെഫ് പ്രതിനിധി ചൂണ്ടിക്കാട്ടി.
കുട്ടികളുടെ ജീവൻ സുരക്ഷിതമാക്കുവാൻ വേണ്ട പരിശ്രമങ്ങൾ ഉറപ്പാക്കുന്നില്ലെങ്കിൽ, ഉക്രൈൻ യുദ്ധത്തിന്റെ ഇരകളാകുന്ന കുട്ടികളുടെ എണ്ണം ഇനിയും വർദ്ധിച്ചേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.