Monday, November 25, 2024

മുപ്പതിനായിരത്തിലധികം അഭയാർഥികൾ മരിച്ച കപ്പൽദുരന്തത്തിന് പതിനൊന്നു വയസ്സ്

2013 ഒക്‌ടോബർ മൂന്നിന് ലാംപെഡൂസയ്‌ക്കടുത്തുള്ള സിസിലിയൻ കടൽതീരത്തുനിന്ന് അര മൈൽ മാത്രം അകലെ ബോട്ട് മുങ്ങി മുപ്പതിനായിരത്തിലധികം പേർ മരണമടഞ്ഞിട്ട് പതിനൊന്നു വർഷം തികയുന്നു. ദുരന്തം നടന്ന് 11 വർഷങ്ങൾ പിന്നിട്ടെങ്കിലും ‘സേവ് ദ ചിൽഡ്രൻ’ എന്ന ചാരിറ്റി പ്രസിദ്ധീകരിച്ച ഒരു പത്രക്കുറിപ്പ് ചൂണ്ടിക്കാണിക്കുന്നത്, കുടിയേറ്റക്കാർക്ക് യൂറോപ്പിലെത്താനുള്ള സുരക്ഷിതവും നിയന്ത്രിതവുമായ പാതകൾ പരിമിതമാണെന്നും ആവശ്യമായ സുരക്ഷാസംവിധാനങ്ങൾ ഇപ്പോഴും കുറവാണ് എന്നുമാണ്.

രക്ഷാപ്രവർത്തന സംവിധാനത്തിന്റെ അഭാവംമൂലം ദിവസവും ശരാശരി എട്ട് പേർക്കെങ്കിലും ജീവൻ നഷ്ടപ്പെടുന്നു. യൂറോപ്പിലെ സുരക്ഷയും അവസരങ്ങളും തേടി സ്വന്തം രാജ്യങ്ങളിൽനിന്ന് പലായനംചെയ്യുന്ന വ്യക്തികൾ അഭിമുഖീകരിക്കുന്ന അപകടകരമായ അവസ്ഥകളെ ഭയാനകമായ ഈ സ്ഥിതിവിവരക്കണക്ക് എടുത്തുകാണിക്കുന്നു. യുദ്ധം, പീഡനം, കടുത്ത ദാരിദ്ര്യം, അക്രമം, കാലാവസ്ഥാ വ്യതിയാനം, മാതൃരാജ്യങ്ങളിലെ വ്യാപകമായ മാനുഷികപ്രതിസന്ധികൾ എന്നിവ മൂലമുണ്ടാകുന്ന നിരാശയാൽ നയിക്കപ്പെടുന്ന കുടിയേറ്റക്കാർ പലപ്പോഴും മെഡിറ്ററേനിയനിൽ തങ്ങളുടെ ജീവൻ ഹോമിക്കുന്നു.

അഭയാർഥികളുടെ സംരക്ഷണം സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടികൾ പാലിക്കാത്തതും സംഘർഷങ്ങളുടെ വ്യാപ്തി വർധിച്ചുവരുന്നതും ചൂണ്ടിക്കാണിച്ചുകൊണ്ട്, വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തെ ഈ സംഘടന അടിവരയിടുന്നു.

സേവ് ദി ചിൽഡ്രനിൽ നിന്നുള്ള സമീപകാല റിപ്പോർട്ടുകൾ പ്രശ്നത്തിന്റെ വ്യാപ്തിയിലേക്ക് വെളിച്ചം വീശുന്നു. 2024-ലെ കണക്കനുസരിച്ച്, ഏകദേശം 48,646 പേരിൽ പലരും അഭയവും സുരക്ഷിതത്വവും തേടി കടൽമാർഗം ഇറ്റലിയിൽ എത്തിയിട്ടുണ്ട്; ഇതിൽത്തന്നെ 5,542 പേർ പ്രായപൂർത്തിയാകാത്തവരുമാണ്. അവർ യാത്രയ്ക്കിടെ നിരവധിയായ ചൂഷണത്തിനും ദുരുപയോഗത്തിനും ഇരകളാകുന്നു.

2024 ആഗസ്റ്റ് അവസാനത്തോടെ ഇറ്റലിയിൽ, പ്രായപൂർത്തിയാകാത്ത 20,039 കുട്ടികളെ സ്വീകരിച്ചു. ഈ കണക്കുകൾ മെഡിറ്ററേനിയനിലെ വർധിച്ചുവരുന്ന പ്രതിസന്ധിയിലേക്കും യൂറോപ്യൻ ഗവൺമെന്റുകളിൽ നിന്ന് കൂടുതൽ മാനുഷികവും ഏകോപിതവുമായ പ്രതികരണത്തിന്റെ അടിയന്തിര ആവശ്യത്തിലേക്കും വിരൽചൂണ്ടുന്നു.

Latest News