ഒക്ടോബർ മൂന്നാം തീയതി കോൺഗ്രസ്സിൻ്റെ എറണാകുളം ജില്ലാകമ്മിറ്റി മുനമ്പത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനത്തിൽ വച്ച് പ്രതിപക്ഷ നേതാവ് ശ്രീ. വി.ഡി. സതീശൻ മുനമ്പംനിവാസികളുടെ ദുരിതജീവിതത്തിന് പരിഹാരമായി പറഞ്ഞത് കേരള സർക്കാർ നിയോഗിച്ച വഖഫ് ബോർഡംഗങ്ങളോട് ആവശ്യപ്പെട്ട് ഈ പ്രശ്നം പരിഹരിക്കാൻ സർക്കാരിനു കഴിയും എന്നാണ്. മുനമ്പം പ്രദേശം വഖഫ് അല്ല എന്ന് ശ്രീ. വി.ഡി. സതീശന് ആരുടെയൊക്കെയോ ഉറപ്പ് കിട്ടിയിട്ടുണ്ടത്രേ! മുനമ്പംപ്രദേശം വഖഫല്ല എന്ന് പ്രഖ്യാപനം നടത്താൻ വഖഫ് ബോർഡിന് ഒരു പ്രശ്നവും ഉണ്ടാവില്ലത്രേ. അതിൻ്റെ അർത്ഥം, വഖഫായ ഒന്നിനെ വഖഫല്ലാതാക്കാനും വഖഫല്ലാത്ത ഒന്നിനെ വഖഫാക്കാനും വഖഫ് ബോർഡ് അംഗങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും എന്നല്ലേ? പിണറായി ചെയ്തില്ലെങ്കിൽ ഞങ്ങൾ ചെയ്യും എന്ന ധീരോദാത്തമായ മുനമ്പം പ്രഖ്യാപനത്തിലൂടെ പ്രതിപക്ഷ നേതാവ് പറഞ്ഞുവച്ചത് മാറി മാറി വരുന്ന സർക്കാരുകളുടെ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് മുനമ്പത്തെ പൗരന്മാർ നിന്നുകൊടുക്കണം എന്നാണോ? എന്തുകൊണ്ടാണ് അവർക്ക് ശാശ്വതമായ ഒരു പരിഹാരം കോൺഗ്രസ്സ് ആഗ്രഹിക്കാത്തത്?
കോൺഗ്രസ്സോണിയൻ നിയമം
വഖഫുമായി ബന്ധപ്പെട്ട് ഇന്ന് നമ്മൾ കാണുന്ന ഈ അലമ്പുകൾക്കൊക്കെ കാരണമായിട്ടുള്ളത് കോൺഗ്രസ്സ് സർക്കാർ കൊണ്ടുവന്ന നിയമമാണ്. ഡ്രാക്കോണിയൻ നിയമം എന്ന പ്രയോഗം ഉപയോഗിച്ചുപയോഗിച്ച് മൂർച്ച തീർന്ന നേരത്താണ് കോൺഗ്രസ്സ് വഖഫ് ആക്ട് നിയമനിർമാണം നടത്തി ഭാഷയുടെ വളർച്ചയ്ക്ക് അവസരമൊരുക്കിയിട്ടുള്ളത്. ഇത്രമാത്രം ഏകപക്ഷീയവും വിവിധ തരം പഴുതുകൾ ബോധപൂർവം സൃഷ്ടിച്ചിട്ടുള്ളതുമായ ഒരു നിയമനിർമാണം ലോകത്ത് മറ്റെവിടെയെങ്കിലും നടന്നിട്ടുണ്ടാകുമോ എന്ന് സംശയമാണ്! അത്രയ്ക്കു ലാഘവബുദ്ധിയോടെയാണ് അത് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. ഇസ്ലാമികപ്രീണനത്തിൻ്റെ നിത്യസ്മാരകമായി എന്നും പരിഗണിക്കപ്പെടാൻ പോകുന്ന ഒരു കോൺഗ്രസ്സോണിയൻ ലോ ആണ് വഖഫ് ആക്ട്.
നാല്പതാം വകുപ്പും ഭേദഗതിയും
ഈ ആക്ടിലെ ചില വകുപ്പുകൾക്ക് കാര്യമായ ഭേദഗതി ആവശ്യമാണ് എന്നതിൽ ചിന്താശീലവും യാഥാർത്ഥ്യബോധവും ദേശസ്നേഹവും ഉള്ള ആർക്കും സംശയമില്ല. എന്നാൽ, കോൺഗ്രസ് പാർട്ടി ഇതുവരെ അത് പരസ്യമായി പറഞ്ഞിട്ടില്ല. 53-ാം വകുപ്പ് ഭേദഗതി ചെയ്താൽ നന്നായിരിക്കും എന്നൊരു സൂചന ശ്രീ. സതീശൻ നൽകി. നല്ല തുടക്കമാണ്, സാർ! എന്നാൽ, കടന്നുകയറ്റക്കാരെക്കുറിച്ചുള്ള ആ വകുപ്പിനെക്കാൾ ഗുരുതരമാണ് നാല്പതാം വകുപ്പ് എന്ന യാഥാർത്ഥ്യം ഒരു വക്കീലായ അങ്ങേക്കു മനസ്സിലായിട്ടില്ല എന്നു ഞാൻ കരുതുന്നില്ല. ഈ വകുപ്പാണ് ബോർഡ് അംഗങ്ങൾക്ക് സ്വന്തം ഔചിത്യബോധം അനുസരിച്ച് ഏത് വസ്തുവും വഖഫ് ആയി പ്രഖ്യാപിക്കാൻ അനുവാദം നൽകുന്നത്. സത്യത്തിൽ ആ നമ്പറിൽ തന്നെയല്ലേ വ്യത്യാസം വരേണ്ടത്?
ഒരു ഉപവകുപ്പു മാത്രം കാണാം
ഞാനിവിടെ നാൽപതാം വകുപ്പിൻ്റെ ഒരു ഉപവകുപ്പ് മാത്രം പഠന വിഷയമാക്കുകയാണ്. എത്ര ദ്രോഹകരമായ നിയമമാണ് നരസിംഹറാവുവിൻ്റെ കോൺഗ്രസ് സർക്കാർ 1995-ൽ കൊണ്ടുവന്നത് എന്ന് കാണുക:
(1) ഒരു വസ്തു വഖഫ് സ്വത്താണെന്ന് വിശ്വസിക്കാൻ കാരണമുള്ള പക്ഷം യുക്തമെന്ന് ബോർഡിനു തോന്നുന്ന വിവരങ്ങൾ ബോർഡിന് സ്വയം ശേഖരിക്കാം; ഒരു പ്രത്യേക സ്വത്ത് വഖഫ് സ്വത്താണോ അല്ലയോ, അല്ലെങ്കിൽ ഒരു വഖഫ് സുന്നി വഖഫാണോ ഷിയാ വഖഫാണോ എന്നൊക്കെയുള്ള എന്തെങ്കിലും ചോദ്യം ഉയർന്നാൽ, ഉചിതമെന്ന് ബോർഡിന് തോന്നുന്ന അന്വേഷണം നടത്തിയതിനു ശേഷം അതിന് ഇഷ്ടമുള്ള തീരുമാനമെടുക്കാം.
ഈ ഉപവകുപ്പിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ താഴെ കുറിക്കുന്നു:
1. വസ്തുവിനെക്കുറിച്ചു ശേഖരിക്കേണ്ട വിവരങ്ങൾ എന്തെല്ലാം എന്ന് പറയുന്നില്ല.
2. ബോർഡിന് ഒരു വസ്തു വഖഫാണെന്ന് വിശ്വസിക്കാനുള്ള കാരണങ്ങൾ എന്തെല്ലാമാണെന്ന് ഈ സെക്ഷനിൽ കൃത്യമായി പറയുന്നില്ല. ബോർഡംഗങ്ങളുടെ ഔചിത്യബോധമനുസരിച്ച് എന്തും തീരുമാനിക്കാവുന്ന അവസ്ഥയല്ലേ ഇത് ഉളവാക്കുന്നത്? ഈ അവ്യക്തതയല്ലേ മുനമ്പത്തെ യഥാർത്ഥ വില്ലൻ?
3. വ്യക്തികൾക്ക് നോട്ടീസ് കൊടുക്കേണ്ടതാണെന്ന് പറയുന്നില്ല. അതായത്, തികച്ചും ഏകപക്ഷീയമായ, വ്യക്തികളെയും കുടുംബങ്ങളെയും പരിഗണിക്കാത്ത, ഒരു നിയമമാണിത് (മൂന്നാം ഉപവകുപ്പിൽ, ട്രസ്റ്റിൻ്റെയോ സൊസൈറ്റിയുടെയോ കാര്യത്തിൽ നോട്ടീസ് നല്കണം എന്നു പറയുന്നുണ്ട്)
4. തീരുമാനിക്കുക എന്നാൽ വസ്തുവിന്റെ ഉടമസ്ഥൻ അറിയാതെ റവന്യൂ രേഖകളിൽ വേണ്ട മാറ്റങ്ങൾ വരുത്തി അടിച്ചുമാറ്റുക എന്നാണർത്ഥം. ആ സത്യം തെളിച്ചുപറയാതെ ഒളിപ്പിച്ചു വച്ചിരിക്കുന്നു.
5. സാർവത്രിക മനുഷ്യാവകാശങ്ങളുടെ (Universal Declaration of Human Rights) ആർട്ടിക്കിൾ 10 പ്രകാരമുള്ള രണ്ട് മനുഷ്യാവകാശങ്ങൾ ഇവിടെ ലംഘിക്കപ്പെടുന്നു: a) ഒരു വ്യക്തിയെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പായി അയാൾക്ക് പറയാനുള്ളത് പറയാനും അത് കേൾക്കപ്പെടാനും ഉള്ള അവകാശം ഉണ്ട്. ഇവിടെ അത് നിഷേധിക്കപ്പെടുന്നു; b. രണ്ട് പേർ തമ്മിലുള്ള തർക്കത്തിൽ അതിലൊരാൾ ന്യായാധിപൻ ആകാൻ പാടില്ല. ഇവിടെ വഖഫ് ബോർഡും ജനങ്ങളും തമ്മിലുള്ള ഒരു തർക്കവിഷയത്തിൽ ബോർഡ് തന്നെ സ്വയം വിധി പ്രഖ്യാപിക്കുന്നു! One should not sit in his own judgment എന്ന തത്വം ഇവിടെ ലംഘിക്കപ്പെടുന്നു.
ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനം
നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ ഒരു പൗരന് പലവിധ അവകാശങ്ങളും വാഗ്ദാനം ചെയ്യപ്പെടുന്നു. അവ preambular promises എന്നാണ് അറിയപ്പെടുന്നത്. അതിൽ പറയുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതികൾ ഇവിടെ നിഷേധിക്കപ്പെടുന്നു. വിശ്വസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു; ഉദാഹരണത്തിന്, വേളാങ്കണ്ണി മാതാ പള്ളിയിൽ പ്രാർത്ഥിക്കാനുള്ള അവകാശം ഭാവിയിൽ വിശ്വാസികൾക്ക് നഷ്ടപ്പെട്ടേക്കാം. അടുത്തതായി, പദവിയിലും അവസരങ്ങളിലും ഉള്ള തുല്യത നഷ്ടപ്പെടുന്നു. ഉദാഹരണമായി, ആരുടെയെങ്കിലും വസ്തുവകകൾ അവർക്കു നഷ്ടപ്പെട്ടാൽ നേരത്തേ ഉണ്ടായിരുന്ന സ്റ്റാറ്റസ് ആയിരിക്കില്ല പിന്നീട് സമൂഹത്തിൽ അവർക്ക് ഉണ്ടായിരിക്കുക. കൂടാതെ, അവരുടെ പ്രോപ്പർട്ടി വഖഫായി പ്രഖ്യാപിച്ച അവസരത്തിൽ അവർക്ക് ന്യായം പറയാനുള്ള അവസരം നിഷേധിക്കപ്പെട്ടു.
ഇനി നഷ്ടപ്പെടുന്ന മൗലികാവകാശങ്ങൾ എന്താണെന്ന് നോക്കാം:
ഒന്നാമതായി, ആർട്ടിക്കിൾ 14. നിയമത്തിനുമുന്നിൽ എല്ലാവരും സമന്മാർ ആയിരിക്കുമെന്നും എല്ലാവർക്കും തുല്യമായ നിയമപരിരക്ഷ ലഭിക്കുമെന്നും ഈ വകുപ്പ് പ്രഖ്യാപിക്കുന്നു. എന്നാൽ അതിവിടെ സംഭവിക്കുന്നില്ല.
അടുത്തതായി, ആർട്ടിക്കിൾ 21. ഈ ആർട്ടിക്കിൾ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം വാഗ്ദാനം ചെയ്യപ്പെടുന്നു. ജനത്തെ പെരുവഴിയിൽ എറിയുന്നതോടെ അവർക്കുള്ള ആ അവകാശവും നിഷേധിക്കപ്പെടുന്നു.
ഇതൊക്കെയാണ് 1995ലെ വഖഫ് ആക്ടിലെ നാല്പതാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലൂടെ സംഭവിക്കുന്ന ഭരണഘടനാലംഘനങ്ങൾ.
വർഗീയതയിൽ വേവിച്ചെടുത്ത വഖഫ് നിയമം
ഈ വഖഫ് നിയമത്തിൻ്റെ ദൂഷ്യഫലങ്ങളാണ് മുനമ്പംനിവാസികൾ ഇപ്പോൾ അനുഭവിക്കുന്നത്. വഖഫ് സംരക്ഷണ സമിതി എന്ന പേരിൽ രണ്ടുപേർ കോടതിയിൽ പരാതി നൽകിയതും അതിൻ്റെ വെളിച്ചത്തിൽ കോടതി സർക്കാരിന് നിർദ്ദേശം നൽകിയതും പഠിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ അച്യുതാനന്ദൻ സർക്കാർ നിസ്സാർ കമ്മിറ്റിയെ 2008-ൽ ഭരമേൽപ്പിച്ചതും വഖഫ് നിയമത്തിൻ്റെ പിൻബലത്തിലാണ്. ഒരു വസ്തു വഖഫെന്നു പ്രഖ്യാപിക്കാൻ കൃത്യമായ മാനദണ്ഡങ്ങളൊന്നുമില്ലാതെ ബോർഡിന് ആരുടെയും വസ്തു എങ്ങനെയും പിടിച്ചെടുക്കാൻ ഇടനല്കുന്ന അതിലെ പഴുതുകൾ തന്ത്രപൂർവം ഉപയോഗിച്ചാണ് വഖഫ് ബോർഡ് 2019 മുതൽ പ്രവർത്തിച്ചതും മുനമ്പംകാരെ റവന്യൂ ഉപരോധത്തിലാക്കിയിരിക്കുന്നതും.
വർഗീയതയുടെ ആൾ രൂപമായി ഞാൻ കരുതുന്ന നരേന്ദ്ര മോദി പോലും സമാനമായ ഒരു നിയമനിർമാണം നടത്തും എന്നു ഞാൻ വിശ്വസിക്കുന്നില്ല. എങ്ങനെയാണ് ഒരു കോൺഗ്രസ് സർക്കാരിന് ഇതു കഴിഞ്ഞത് എന്ന ചോദ്യമാണ് ഈ നിയമം പഠിച്ചു കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു വരുന്ന സാമാന്യജനത്തിൻ്റെ മനസ്സിൽ അവശേഷിക്കുന്നത്.
മുനമ്പം പ്രശ്നവും വഖഫ് ഭേദഗതിയും തമ്മിൽ ഒരു ബന്ധവുമില്ല എന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ പ്രസ്താവിച്ചത് വളരെ സത്യമാണ്. മുനമ്പം പ്രശ്നത്തിന് ബന്ധമുള്ളത് വഖഫ് ഭേദഗതിയോടല്ല; മറിച്ച്, കോൺഗ്രസ് സർക്കാർ പുറപ്പെടുവിച്ച വഖഫ് ആക്ടിനോടാണ്. അത് തിരുത്തപ്പെടാനുള്ള സത്യസന്ധവും ആത്മാർത്ഥവുമായ ശ്രമങ്ങൾ കോൺഗ്രസിന്റെ ഭാഗത്തു നിന്ന് പൗരന്മാർ ഇന്നലെ പ്രതീക്ഷിച്ചു. ഭേദഗതിക്കുള്ള ഒരു ബദൽരേഖ അദ്ദേഹം അവതരിപ്പിക്കും എന്ന് മഹാത്മാഗാന്ധിയുടെ കോൺഗ്രസിൽ വിശ്വസിക്കുന്ന പലരും വിശ്വസിച്ചിരുന്നു. പക്ഷേ അതുണ്ടായില്ല. എന്നു മാത്രമല്ല, മുനമ്പംപ്രദേശത്തെ നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കൃത്യമായ ഒരു ആക്ഷൻ പ്ലാൻ അവതരിപ്പിക്കാനും പ്രതിപക്ഷ നേതാവിന് സാധിച്ചില്ല. എന്തിന്, നിയമസഭയിൽ ഈ വിഷയം ഉന്നയിക്കും എന്നും സർക്കാരിൻ്റെ ശ്രദ്ധയിലേക്ക് ഇത് ശക്തമായി കൊണ്ടുവരുമെന്നും ഇത്ര മാസത്തിനുള്ളിൽ ഈ പ്രശ്നം പരിഹരിച്ചിരിക്കും എന്നും ഉറപ്പ് നൽകാൻ പോലും അദ്ദേഹത്തിന് സാധിച്ചില്ല.
ഫാ. ജോഷി മയ്യാറ്റിൽ