Sunday, November 24, 2024

ഇന്റർനാഷണൽ ഗ്രീൻ സ്കൂൾ അവാർഡ് സെന്റ് ആൻസലെം സ്‌കൂളിന്

രാജസ്ഥാന്‍: 2024 ലെ ഇന്റർനാഷണൽ ഗ്രീൻ സ്കൂൾ അവാർഡ് രാജസ്ഥാനിലെ അബു റോഡിലുള്ള സെന്റ് ആൻസലെം സീനിയർ സെക്കൻന്ററി സ്കൂളിന് ലഭിച്ചു. ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റിയിൽ വച്ചുനടന്ന ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. ഡൊമനിക് മുണ്ടാട്ട് എം.സി.ബി.എസ് അവാർഡ് ഏറ്റുവാങ്ങി.

പരിസ്ഥിതി സുസ്ഥിരത, കാമ്പസിനുള്ളിലും പാഠ്യപദ്ധതിയിലും ഹരിത ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ ഏറ്റവും മികച്ച നിലവാരം പ്രകടിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് ഇന്റർനാഷണൽ ഗ്രീൻ സ്കൂൾ അവാർഡിനായി പരിഗണിക്കുന്നത്. ദേശീയ തലത്തിൽ സെന്റ് ആൻസലെം സ്‌കൂൾ അഞ്ചാമത്തെ സ്ഥാനത്താണ്.

സെന്റ് ആൻസലെം സീനിയർ സെക്കൻന്ററി സ്കൂളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും സ്‌കൂളുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ അവാർഡെന്ന് പ്രിൻസിപ്പാൾ ഫാ. ഡൊമനിക് മുണ്ടാട്ട് പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയുടെ 79-ാമത് സെഷന്റെ ഭാഗമായി, 2024 സെപ്റ്റംബർ 23-24 തീയതികളിൽ കോർണൽ യൂണിവേഴ്സിറ്റിയിലെ ഐഎൽആർ സ്കൂളിൽ നടന്ന 8-ാമത് എൻവൈസി ഗ്രീൻ സ്കൂൾ കോൺഫറൻസിൽ വച്ചാണ് ഈ അവാർഡ് സമ്മാനിച്ചത്.

എം.സി.ബി.എസ് സന്യാസ സമൂഹത്തിന്റെ കോട്ടയം എമ്മാവൂസ് പ്രൊവിൻസിന്റെ കീഴിലാണ് രാജസ്ഥാനിലെ അബു റോഡിലുള്ള സെന്റ് ആൻസലെം സീനിയർ സെക്കൻന്ററി സ്കൂൾ പ്രവർത്തിക്കുന്നത്. പ്രിൻസിപ്പാൾ ഫാ. ഡൊമനിക് മുണ്ടാട്ടിനൊപ്പം ഫാ. ജോസഫ് കൊല്ലംപറമ്പിൽ എം.സി.ബി.എസ് -ഉം 60 അധ്യാപകരും 18 അനധ്യാപകരും ഈ സ്‌കൂളിൽ ജോലി ചെയ്യുന്നുണ്ട്.

Latest News