കഴിഞ്ഞ ദിവസം ഇസ്രായേലിനു നേരെ നടത്തിയ ഇറാന്റെ മിസൈൽ ആക്രമണം രാജ്യത്തെ ജനങ്ങളിൽ ഉളവാക്കുന്നത് സമ്മിശ്ര പ്രതികരണങ്ങളെന്നു റിപ്പോർട്ട്. ഒരു ഭാഗത്ത് ഇസ്രായേലിനു നേരെ നടത്തിയ ആക്രമണങ്ങളിൽ ഒരു കൂറ്റൻ ഇറാനികൾ അഭിമാനം കൊള്ളുമ്പോൾ ഒരു വിഭാഗം ആളുകൾ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളെ ഓർത്ത് ആശങ്കാകുലരാണ്.
ഇസ്രായേലിലെ ആക്രമണം ഇറാനികളിൽ അഭിമാനത്തിൻ്റെയും അനിശ്ചിതത്വത്തിൻ്റെയും ഭയത്തിൻ്റെയും മിശ്രമായ വികാരങ്ങളാണ് നിറയ്ക്കുന്നത്. ആക്രമണം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ, പേർഷ്യൻ സോഷ്യൽ മീഡിയകൾ തലയ്ക്ക് മുകളിലൂടെ പറക്കുന്ന മിസൈലുകളുടെ ഫ്ലാഷുകളും മറ്റും കൊണ്ട് നിറഞ്ഞു. ഇറാൻ്റെ സ്റ്റേറ്റ് ടെലിവിഷൻ തെരുവുകളിൽ ആഹ്ലാദിക്കുകയും പതാകകൾ വീശുകയും “ഇസ്രായേലിന് മരണം” എന്ന് ആക്രോശിക്കുകയും ചെയ്യുന്ന ആളുകളുടെ ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തു.
എന്നാൽ ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിതി വ്യത്യസ്തമായിരുന്നു. അവിടെ ആക്രമണത്തിന് പിന്തുണ അറിയിച്ചവരായി അധികമാരും ഉണ്ടായിരുന്നില്ല. ബദ്ധവൈരികൾ തമ്മിലുള്ള യുദ്ധത്തെക്കുറിച്ചുള്ള പിരിമുറുക്കങ്ങളും പരിണിതഫലനങ്ങളെ കുറിച്ചുള്ള ചൂടേറിയ ചർച്ചകളും ആയിരുന്നു ഓൺലൈൻ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നത്.
ചർച്ചയുടെ ഒരു വശത്ത് ദേശീയ അഭിമാനത്തോടെ സർക്കാരിൻ്റെ നടപടികളെ പിന്തുണയ്ക്കുന്നവരും മറുവശത്ത് യുദ്ധം, സാമ്പത്തിക തകർച്ച, ആഭ്യന്തര പരിഷ്കരണ പ്രസ്ഥാനങ്ങളെ കൂടുതൽ അടിച്ചമർത്തൽ എന്നിവയാൽ ഭയപ്പെടുന്ന ജനതയും. ഇറാന്റെ ഇസ്രായേൽ ആക്രമണം ഈ വിധം ഉള്ള ഒരു ഭിന്നതയിലേയ്ക്ക് ജനങ്ങളെ എത്തിച്ചു എന്നത് വിസ്മരിക്കാനാകാത്ത സത്യം തന്നെയാണ്.
ഇസ്രയേലിലേക്കുള്ള ഇറാന്റെ ആക്രമണത്തെ “വിവേചനരഹിതം” എന്നാണ് ഇസ്രായേൽ വിശേഷിപ്പിച്ചത്. ഇറാൻ വലിയ തെറ്റ് ചെയ്തു എന്നും അതിനു കനത്ത വില നൽകേണ്ടി വരും എന്നായിരുന്നു ബഞ്ചമിൻ നെതന്യാഹു പ്രതികരിച്ചത്.