1939-ൽ, ജർമ്മൻ സൈനികർ പോളണ്ടിനെ ആക്രമിച്ചപ്പോൾ ഒരു പ്രശസ്ത പോളിഷ് കലാകാരനും അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ ആഭരണങ്ങൾ പണയംവെച്ച് രാജ്യം വിട്ടു. സ്റ്റെഫാൻ നോർബ്ലിനും ലെനയും ആയിരുന്നു തങ്ങളുടെ സ്വപ്ന ഭവനവും സ്വത്തുക്കളും ഉപേക്ഷിച്ച് രാജ്യം വിട്ടത്. അമേരിക്കയിൽ അഭയം തേടാൻ ലക്ഷ്യമിട്ടായിരുന്നു ദമ്പതികൾ രാജ്യം വിട്ടത് എങ്കിലും അവർക്ക് ആ ലക്ഷ്യത്തിലേയ്ക്ക് എടുത്താൽ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വന്നു.
റൊമാനിയ, തുർക്കി, ഇറാഖ് എന്നിവിടങ്ങളിൽ സഞ്ചരിച്ച് ഒടുവിൽ കൊളോണിയൽ ഇന്ത്യയിൽ എത്തി. ഇന്ത്യയിൽ ആര് വർഷം താമസിച്ച അവർ ഇന്ത്യയുടെ കലാരംഗത്ത് വളരെ മികച്ച സംഭാവനകൾ നൽകിയാണ് മടങ്ങുന്നത്. അപ്രതീക്ഷിതമായി ആണെങ്കിലും സ്റ്റെഫാൻ നോർബ്ലി ഇന്ത്യയിലെ രാജാക്കന്മാരുടെ ചങ്ങാത്തത്തിലായി. ആ സൗഹൃദം പാശ്ചാത്യ സൗന്ദര്യശാസ്ത്രത്തെ ഇന്ത്യൻ ഐക്കണോഗ്രാഫിയുമായി സംയോജിപ്പിക്കുന്ന മികച്ച കലാസൃഷ്ടികൾ രൂപപ്പെടുത്തുന്നതിന് കാരണമായി മാറി.
1941 നും 1946 നും ഇടയിൽ, നിരവധി ഇന്ത്യൻ രാജാക്കന്മാർ തങ്ങളുടെ കൊട്ടാരങ്ങൾ പെയിന്റിംഗുകൾ കൊണ്ട് അലങ്കരിക്കുന്ന ശീലം ആരംഭിച്ചിരുന്നു. അതുകൊണ്ട് തന്നെ അവയുടെ ഇന്റീരിയറുകൾ ആർട്ട് ഡെക്കോ ശൈലിയിൽ രൂപകൽപ്പന ചെയ്യാനും മറ്റുമായി നോർബ്ലിനെ ഏൽപ്പിച്ചു. ഹിന്ദു ദൈവങ്ങളുടെ മനോഹരമായ ചുവർച്ചിത്രങ്ങൾ, ഹിന്ദു ഇതിഹാസങ്ങളായ മഹാഭാരതത്തിലെയും രാമായണത്തിലെയും മുഴുവൻ രംഗങ്ങൾ, രാജ്യത്തെ പ്രശസ്ത കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ എന്നിവപോലും തന്റെ സവിശേഷമായ മിശ്രിത ശൈലിയിൽ വരച്ചുകൊണ്ട് നോർബ്ലിൻ തനിക്കു ലഭിച്ച അവസരത്തെ അതുല്യമാക്കി.
അദ്ദേഹത്തിന്റെ പെയിന്റിംഗുകൾ രാജസ്ഥാൻ സംസ്ഥാനത്തിലെ ഉമൈദ് ഭവൻ കൊട്ടാരത്തിൽ കാണാൻ കഴിയും. മുൻ നാട്ടുരാജ്യമായ ജോധ്പൂരിന്റെ ഭരണാധികാരിയുടെ വീട്ടിലും ഗുജറാത്ത് സംസ്ഥാനത്തിലെ മോർബി ഭരണാധികാരികളുടെ കൊട്ടാരത്തിലും ഒക്കെ നോർബ്ലിന്റെ രചനകൾ കാണാൻ കഴിയും. ബീഹാർ സംസ്ഥാനത്തിലെ രാംഗഢ് മഹാരാജാവിനായി അദ്ദേഹം ഛായാചിത്രങ്ങൾ വരച്ചു, പക്ഷേ ഈ കലാസൃഷ്ടികൾ കാലക്രമേണ നഷ്ടപ്പെട്ടു.
അദ്ദേഹത്തിന്റെ ചുവർച്ചിത്രങ്ങൾ ഗംഭീരവും ഊർജ്ജസ്വലവുമാണ്, ചലനവും വികാരവും നിറഞ്ഞതായിരുന്നു. ആർട്ട് ഡെക്കോ ശൈലിയുടെ തിരിച്ചറിയാവുന്ന സവിശേഷതകളായ മിനിമലിസ്റ്റ്, നീളമേറിയ മനുഷ്യരൂപങ്ങൾ, ജ്യാമിതീയ രൂപങ്ങൾ, കടുത്ത നിറങ്ങൾ എന്നിവയുടെ ഉപയോഗം അദ്ദേഹത്തിൻറെ ചിത്രങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ ഹിന്ദു ദൈവങ്ങളുടെ സവിശേഷതകളും ഭാവങ്ങളും ഉൾപ്പെടെ പരമ്പരാഗത ഇന്ത്യൻ പ്രതിച്ഛായയുടെ നൂതന വ്യാഖ്യാനങ്ങളുമായി അവ സംയോജിപ്പിച്ചിരിക്കുന്നത്തിൽ അദ്ദേഹം വിജയിച്ചു.
ഇന്ത്യ വിട്ട് അമേരിക്കയിലേക്ക് പോയതിന് ശേഷം ആ കലാകാരന് തന്റെ കഴിവുകളെ കാര്യമായി പ്രദർശിപ്പിക്കൻ കഴിഞ്ഞില്ല. സാൻ ഫ്രാൻസിസ്കോയിലെ കലാപരമായ സമൂഹം പോളിഷ് കലാകാരനെ സ്വാഗതം ചെയ്തില്ല. ചെറിയ ചില വർക്കുകൾ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്. വൈകാതെ ഗ്ലോക്കോമ അദ്ദേഹത്തെ കീഴടക്കി. കാഴ്ചശക്തി കുറയാൻ തുടങ്ങിയതിനാൽ കുറച്ച് നാളുകൾക്കു ശേഷം അദ്ദേഹം പെയിന്റിംഗ് നിർത്തി. കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ തന്നെ കൊണ്ട് കഴിയില്ല എന്ന ചിന്ത അദ്ദേഹത്തെ വിഷാദത്തിലാഴ്ത്തുകയും കുടുംബത്തിന് ഒരു ഭാരമാകാൻ ആഗ്രഹിക്കാതെ 1952 ൽ സ്വയം ജീവനൊടുക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ മരണത്തോടെ ആ അതുല്യ കലാകാരന്റെ ചിത്രങ്ങളും വിസ്മൃതിയിലാഴ്ന്നു.
1980-കളിൽ ക്ലോസ്-ഉൾറിച്ച് സൈമൺ ആണ് ആ ചിത്രങ്ങളെ കണ്ടെത്തുകയും അവയെ ലോകശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുകയും ചെയ്തത്.