മഞ്ഞു പാളികളാൽ മൂടപ്പെട്ട അന്റാർട്ടിക്കയിൽ സസ്യജാലങ്ങൾ വളരുന്നതായി വെളിപ്പെടുത്തി പുതിയ പഠനം. യുകെയിലെ എക്‌സെറ്റർ സർവകലാശാലയിലെ ഗവേഷകരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പുതിയ സസ്യജാലങ്ങൾ വളരുന്നത് നല്ലതാണെങ്കിലും മഞ്ഞുമൂടിയ പ്രദേശത്ത് സസ്യങ്ങൾ വളരുന്നത് രൂക്ഷമായ കാലാവസ്ഥാ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത് എന്നും അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ഗവേഷകർ വെളിപ്പെടുത്തുന്നു.
1986 നും 2021 നും ഇടയിൽ അന്റാർട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചതായാണ് ഗവേഷകർ കണ്ടെത്തിയത്. 2016-2021 കാലയളവിൽ അന്റാർട്ടിക്കയിലെ കടൽ-ഐസ് വിസ്തൃതിയിൽ ഗണ്യമായ കുറവുണ്ടായതായും ഈ പഠനം വ്യക്തമാക്കുന്നു. 1986-ൽ ഒരു ചതുരശ്ര കിലോമീറ്ററിൽ താഴെ മാത്രമായിരുന്നു അന്റാർട്ടിക്കയിലെ സസ്യജാലങ്ങളുടെ സാന്നിധ്യം. 2021-ഓടെ ഏകദേശം 12 ചതുരശ്ര കിലോമീറ്ററിലേക്ക് ഇത് വ്യാപിച്ചു എന്ന് സാറ്റലൈറ്റ് ഡാറ്റയുടെ സഹായത്തോടെ പഠനം വിശദീകരിക്കുന്നു. ഒപ്പം 2016 മുതൽ സസ്യങ്ങളുടെ വ്യാപനം പതിൻമടങ്ങ് വേഗം കൈവരിക്കുകയും ചെയ്തു എന്നും ഇവർ കൂട്ടിച്ചേർത്തു.
അന്റാർട്ടിക്കയുടെ സ്വാഭാവിക ഭൂപ്രകൃതി മഞ്ഞുപാളികളാൽ മൂടപ്പെട്ടതും കാഠിന്യമേറിയ പാറകളും നിറഞ്ഞതാണ്. എന്നാൽ ഇപ്പോൾ പ്രകടമാകുന്ന തരത്തിലുള്ള സസ്യങ്ങളുടെ വളർച്ച ആഗോളതാപനം അന്റാർട്ടിക്കിലേക്ക് എത്തുന്നതിന്റെ സൂചനയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അന്റാർട്ടിക്കയിൽ ആഗോള ശരാശരിയേക്കാൾ വേഗത്തിൽ ചൂട് വർധിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഈ മാറ്റം എന്നും പഠനം വിശദീകരിക്കുന്നു.