Wednesday, May 14, 2025

ഉക്രൈനുവേണ്ടി പോരാടിയ റഷ്യൻ പ്രതിപക്ഷ പ്രവർത്തകൻ കൊല്ലപ്പെട്ടു

ഉക്രൈനുവേണ്ടി പോരാടുന്നതിനിടയിൽ റഷ്യൻ പ്രതിപക്ഷ പ്രവർത്തകൻ ഇൽദാർ ഡാഡിൻ കൊല്ലപ്പെട്ടുവെന്ന് വെളിപ്പെടുത്തി അദ്ദേഹത്തെ റിക്രൂട്ട് ചെയ്ത സംഘമായ സിവിക് കൗൺസിൽ. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് റഷ്യയിലെ അറിയപ്പെടുന്ന വ്യക്തിയായ ഡാഡിൻ, വടക്കുകിഴക്കൻ ഉക്രൈനിലെ ഖാർകിവ് മേഖലയിൽ നടന്ന റഷ്യൻ പീരങ്കി വെടിവയ്പ്പിലാണ് കൊല്ലപ്പെട്ടതെന്നു കരുതുന്നു.

നാടുകടത്തപ്പെട്ട റഷ്യൻ പ്രതിപക്ഷ രാഷ്ട്രീയക്കാരിയായ ഇലിയ പൊനമരേവ് ഡാഡിന്റെ മരണം സ്ഥിരീകരിച്ചു എന്ന് ബി. ബി. സി. റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പ്രസ്താവിച്ചത് അദ്ദേഹം ‘ഇപ്പോഴും ഞങ്ങളുടെ നായകനാണ്’ എന്നാണ്. റഷ്യൻ ആക്രമണം, കൂട്ടക്കൊല, പീഡനം, ബലാത്സംഗം, കൊള്ള എന്നിവയ്‌ക്കെതിരായ ശക്തമായ എതിർപ്പിനെത്തുടർന്ന്, മുമ്പ് സ്വയം ഒരു സമാധാനവാദിയായി കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, ഡാഡിൻ ഉക്രേനിയൻ സൈന്യത്തോടൊപ്പം പോരാട്ടത്തിൽ പങ്കുചേരുകയായിരുന്നു.

വ്‌ളാഡിമിർ പുടിന്റെ ഭരണത്തെ തടയുന്നതിൽ താനും സഹറഷ്യക്കാരും പരാജയപ്പെട്ടുവെന്ന് വിശ്വസിച്ചുകൊണ്ട്, ഉക്രൈനിലെ റഷ്യയുടെ അധിനിവേശത്തിന്റെ വ്യക്തിപരമായ ഉത്തരവാദിത്തബോധമാണ് അദ്ദേഹത്തെ ആയുധമെടുക്കാനുള്ള തീരുമാനത്തിനു പ്രേരിപ്പിച്ചത്. റഷ്യയുടെ, വർധിച്ചുവരുന്ന നിയന്ത്രിത നിയമങ്ങൾക്കെതിരെ സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ച് ഒരു ദശാബ്ദം മുമ്പ് ഡാഡിൻ ആക്ടിവിസം ആരംഭിച്ചു. ഇത് ‘ഡാഡിൻസ് ലോ’ എന്നു വിളിക്കപ്പെടുന്ന ആർട്ടിക്കിൾ 212.1 പ്രകാരം അദ്ദേഹത്തിന് വിചാരണ നേരിടേണ്ടിവരികയും രണ്ടര വർഷം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തിരുന്നു. ഈ കാലയളവിൽ കഠിനമായ പീഡനങ്ങൾ ഏറ്റുവാങ്ങിയ വ്യക്തിയുമായിരുന്നു അദ്ദേഹം.

2022 മെയ് മാസത്തിൽ സ്ഥാപിതമായ സിവിക് കൗൺസിൽ, റഷ്യൻ പ്രതിപക്ഷപ്രവർത്തകരുടെ ഒരു കൂട്ടായ്മയാണ്. ഉക്രൈനിൽ പോരാടുന്നതിന് റഷ്യൻ സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുക്കാൻ ഈ സംഘടന മുൻകൈയെടുത്തുവരുന്നു.

Latest News