Sunday, November 24, 2024

മലയാളി ഉൾപ്പെടെ 21 പുതിയ കർദിനാൾമാരെ പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ

ഒക്ടോബർ ആറിനു നടന്ന, മധ്യാഹ്നപ്രാർഥനയ്ക്കുശേഷം ആഗോള കത്തോലിക്കാ സഭയിലേക്ക് പുതിയതായി 21 കർദിനാളന്മാരെ കൂടി നിയമിച്ച് ഫ്രാൻസിസ് പാപ്പ. ഡിസംബർ എട്ടാം തീയതിയാണ് പുതിയ കർദിനാളന്മാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾ നടക്കുക.

ഇറാൻ, ഇന്തോനേഷ്യ, ഇന്ത്യ, ജപ്പാൻ, ഫിലിപ്പീൻസ് എന്നിങ്ങനെ വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ആളുകളും പുതിയ പട്ടികയിൽ ഉൾപ്പെടുന്നു. കൂടാതെ, ഫ്രാൻസിസ് പാപ്പ പ്രഖ്യാപിച്ച പുതിയ കർദിനാൾമാരുടെ പട്ടികയിൽ മലയാളിയായ മോൺസിഞ്ഞോർ ജോർജ് കൂവക്കാടും ഉൾപ്പെടുന്നു. 2021 മുതൽ ഫ്രാൻസിസ് പാപ്പായുടെ വിദേശ അപ്പസ്തോലിക യാത്രകളുടെ മുഖ്യസംഘാടകനാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. വത്തിക്കാനിലെ നയതന്ത്രവിഭാഗത്തിൽ വർഷങ്ങളായി അദ്ദേഹം പ്രവർത്തിച്ചുവരുന്നു.

ടെഹ്‌റാൻ, ടോക്കിയോ, ടൊറന്റോ ആർച്ച്ബിഷപ്പുമാരും പുതിയ കർദിനാൾമാരുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഇതുവരെ 70 രാജ്യങ്ങളിൽനിന്നായി 142 കർദ്ദിനാൾമാരെ ഫ്രാൻസിസ് മാർപാപ്പ പുതിയതായി നിയമിച്ചിട്ടുണ്ട്. കർദിനാൾ സംഘത്തിലെ 15 അംഗങ്ങൾക്ക് 80 വയസ്സ് തികഞ്ഞു. അതിനാൽ, അവർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള അവസരം നഷ്‌ടപ്പെട്ടു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 21 പേരുൾപ്പെടെ ഡിസംബറിനുശേഷം 141 കർദിനാൾമാർക്ക് മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിന്റെ ഭാഗമാകാൻ കഴിയും. അവരിൽ 111 (79%) പേരെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചതാണ്.

Latest News