മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷത്തിനിടയിൽ ലോകസമാധാനത്തിനായി ഫ്രാൻസിസ് മാർപാപ്പയുടെ നേതൃത്വത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ പക്കൽ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് ജപമാല ചൊല്ലി പ്രാർഥിച്ചു. ഇസ്രയേലിനെതിരായ ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വർഷം തികയുന്നതിന്റെ തലേദിവസമായ ഒക്ടോബർ ആറിന് വൈകുന്നേരമാണ് റോമിലെ സെന്റ് മേരി മേജർ ബസിലിക്കയിൽ പ്രത്യേക പ്രാർഥന നടന്നത്.
ഫ്രാൻസിസ് മാർപാപ്പ നൂറിലധികം തവണ സന്ദർശിച്ചിട്ടുള്ള പ്രശസ്ത മരിയൻ ഐക്കണായ ‘സാലസ് പോപ്പുലി റൊമാനി’ ചാപ്പലിനു സമീപമുള്ള ബസിലിക്കയ്ക്കു മുന്നിൽ ഒരു വെളുത്ത കസേരയിലിരുന്നു. സമാധാനപ്രാർഥന ചൊല്ലുന്നതിനുമുമ്പ് ലത്തീനിൽ പരമ്പരാഗത ‘സാൽവ റെജീന’ പ്രാർഥനയും ജപമാലയുടെ അവസാനത്തിൽ ലൊറെറ്റോയിലെ ലുത്തിനിയായും പാപ്പ ആലപിച്ചു. ഒരു ചെറിയ വിശ്വാസി സമൂഹവും ബസിലിക്കയ്ക്കുപുറത്ത് മാർപാപ്പയോടൊപ്പം ജപമാല ചൊല്ലി പ്രാർഥിച്ചു.
‘തിന്മയുടെ ഇരുണ്ട മേഘങ്ങളെ തുരത്താൻ’ സമാധാനരാജ്ഞിയായ പരിശുദ്ധ മാതാവിനോട് പാപ്പ സഹായം അഭ്യർഥിച്ചു. “അമ്മേ, ലോകത്തിനുവേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ. അങ്ങനെ ജീവൻ സംരക്ഷിക്കാനും യുദ്ധത്തെ ഇല്ലാതാക്കാനും കഷ്ടപ്പെടുന്നവരെയും ദരിദ്രരെയും പ്രതിരോധിക്കാൻ സാധിക്കാത്തവരെയും രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും പരിപാലിക്കുകയും ഞങ്ങളുടെ പൊതുഭവനത്തെ സംരക്ഷിക്കുകയും ചെയ്യട്ടെ. വിദ്വേഷം വളർത്തുന്നവരുടെ ആത്മാക്കളെ പരിവർത്തനം ചെയ്യുക, മരണത്തിനു കാരണമാകുന്ന ആയുധങ്ങളെ നിശ്ശബ്ദമാക്കുക, മനുഷ്യഹൃദയങ്ങളിൽ തങ്ങിനിൽക്കുന്ന അക്രമം കെടുത്തുക, രാഷ്ട്രങ്ങളെ ഭരിക്കുന്നവരുടെ പ്രവൃത്തികളിൽ സമാധാനത്തിന്റെ പദ്ധതികൾ പ്രചോദിപ്പിക്കുക” – പാപ്പ പ്രാർഥിച്ചു.