മൂന്നു ദിവസങ്ങൾക്കുശേഷം ഹിമാലയത്തിലെ ചൗഖംബ പർവതത്തിൽനിന്നും ബ്രിട്ടീഷ് പർവതാരോഹകരെ രക്ഷപെടുത്തി. പർവതാരോഹകയായ ഫെയ് മാനേഴ്‌സും അവരുടെ അമേരിക്കൻ പങ്കാളി മിഷേൽ ഡ്വോറക്കുമാണ് ഭക്ഷണമോ, പാർപ്പിടമോ, സുരക്ഷാ ഉപകരണങ്ങളോ ഇല്ലാതെ മൂന്നുദിവസം ഹിമാലയത്തിൽ കുടുങ്ങിയത്. മലകയറുന്നതിനിടയിൽ അവരുടെ അവശ്യസാധനങ്ങൾ കൊണ്ടുപോകുന്ന ഒരു കയർ പൊട്ടുകയും വസ്തുക്കളെല്ലാം നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെയാണ് ദമ്പതികൾ 20,000 അടിയിൽ മൂന്നു ദിവസങ്ങൾ പിന്നിട്ടത്.
ഹിമാലയൻ രക്ഷാപ്രവർത്തനസംഘങ്ങൾക്ക് ഇരുവരും അടിയന്തരസന്ദേശം അയച്ചെങ്കിലും മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് ആദ്യം അവരെ കണ്ടെത്താനായില്ല.
ദമ്പതികൾ ഒരു തട്ടിൽ അഭയം പ്രാപിക്കുകയും കൈവശമുണ്ടായിരുന്ന ഒരേയൊരു സ്ലീപ്പിംഗ് ബാഗ് പങ്കിടുകയും ചെയ്തു. ഇടയ്ക്ക് മഞ്ഞുരുകുമ്പോൾ വെള്ളം ശേഖരിക്കാനും കഴിഞ്ഞു. രക്ഷാപ്രവർത്തകർക്ക് തങ്ങളെ തേടിയെത്താൻ സാധിക്കുമോ എന്നറിയാത്തതിനാൽ അവർ സ്വയം മലയിറങ്ങാൻ തുടങ്ങി.
മടക്കയാത്രയിൽ ഫ്രഞ്ച് പർവതാരോഹകരുടെ ഒരു ടീമിനെ ഇവർ കണ്ടുമുട്ടുകയും ദമ്പതികൾക്ക് നിർണ്ണായക പിന്തുണയും ഉപകരണങ്ങളും ഭക്ഷണവും ലഭിക്കുകയും ചെയ്തു. ഇതിനോടകം രക്ഷാപ്രവർത്തകർ ഇവരെ കണ്ടെത്തുകയും ഒടുവിൽ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുകയുമായിരുന്നു.