Monday, November 25, 2024

പതിനാറുകാരിയായ ഒരു കാൻസർ രോഗിയുടെ ‘ബക്കറ്റ് ലിസ്റ്റ്’ ആഗ്രഹം നിറവേറ്റി കെയ്റ്റ് രാജകുമാരി

ടെർമിനൽ കാൻസർ ബാധിച്ച പതിനാറുകാരിയായ ലിസ് ഹാട്ടൺ എന്ന യുവ ഫോട്ടോഗ്രാഫറിന്റെ ‘ബക്കറ്റ് ലിസ്റ്റ്’ ആഗ്രഹം നിറവേറ്റി ബ്രിട്ടീഷ് രാജകുമാരി കെയ്റ്റ് എന്ന കാതറിൻ എലിസബത്ത് മിഡിൽടൺ. ഈ വർഷം ആദ്യം ടെർമിനൽ കാൻസർ രോഗനിർണ്ണയം നടത്തിയ ലിസ്, കെയ്റ്റ് രാജകുമാരിയെ കണ്ടുമുട്ടുക മാത്രമല്ല, അവരിൽനിന്നും സ്നേഹാലിംഗനം സ്വീകരിക്കുകയും ചെയ്തു. ജീവിതകാലം മുഴുവനും നിധിപോലെ സൂക്ഷിക്കാനുള്ള ഒരു ഓർമ്മയാണിതെന്ന് ലിസ് പങ്കുവച്ചു.

“ഈ ആഴ്‌ച വിൻഡ്‌സർ കാസിലിൽവച്ച് വൈകാരികവും അപ്രതീക്ഷിതവുമായ ആഴത്തിലുള്ള ഒരു അനുഭവമുണ്ടായി. ഇന്ന് അവിടെവച്ച് ലിസിനെ കണ്ടതിൽ സന്തോഷമുണ്ട്. കഴിവുറ്റ ഒരു യുവ ഫോട്ടോഗ്രാഫർ. അവരുടെ സർഗാത്മകതയും ശക്തിയും ഞങ്ങളെ രണ്ടുപേരെയും പ്രചോദിപ്പിച്ചു” – കെയ്റ്റ് രാജകുമാരി തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചു.

എന്നാൽ ഈ കൂടിക്കാഴ്ചയെ ജീവിതത്തിൽ ഒരിക്കൽ മാത്രമുള്ള അനുഭവമെന്നാണ് ലിസ് നന്ദിപൂർവം ലോകത്തോടു പറഞ്ഞത്. ലിസിന്റെ അമ്മ, അവരുടെ കുടുംബത്തിന് ഈ ദിവസം അവിസ്മരണീയമാണെന്നും കൂട്ടിച്ചേർത്തു.

ജനുവരിയിൽ, വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ലിസിന് കാൻസർ സ്ഥിരീകരിച്ചത്. അവളുടെ അണ്ഡാശയത്തിലും കരളിലും മുഴകൾ കണ്ടെത്തി. ആ രോഗം ആഴ്ചകൾക്കുള്ളിൽ അവളുടെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ആറുമാസം മുതൽ മൂന്നുവർഷം വരെ മാത്രം ജീവിതകാലാവധി പറഞ്ഞിരിക്കുന്ന ലിസിന്റെ വിവരം, ലണ്ടനിലെ എയർ ആംബുലൻസ് ചാരിറ്റിയിൽനിന്നാണ് വില്യം രാജകുമാരനിലൂടെ കെയ്റ്റ് രാജകുമാരിയിലേക്കും എത്തിയത്.

ഒരു സ്വകാര്യ രാജകീയ അവാർഡുദാന ചടങ്ങ് ചിത്രീകരിക്കാൻ രാജദമ്പതികൾ ലിസിനെ വിൻഡ്‌സർ കാസിലിലേക്കു ക്ഷണിച്ചു. അവിടെ ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ ലിസിന്റെ കഴിവുകൾ പ്രശംസിക്കപ്പെടുക മാത്രമല്ല, അവരുടെ കൂടിക്കാഴ്ച ആഘോഷിക്കപ്പെടുകയും ചെയ്തു.

മകളുടെ ഫോട്ടോഗ്രഫി ബക്കറ്റ് ലിസ്റ്റ് പങ്കിട്ടുകൊണ്ട് അമ്മ വിക്കി റോബയ്‌നയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെ തുടർന്നാണ് ഈ രാജകീയക്ഷണം. ജീവിക്കുന്ന കാലം ലിസിന് നല്ല ഓർമ്മകൾ സമ്മാനിക്കുക എന്ന ലക്ഷ്യമാണ് അമ്മയ്ക്കുള്ളത്.

അവളുടെ അമ്മ, മകളുടെ ആഗ്രഹങ്ങൾ നിറവേറ്റാനുള്ള ശ്രമത്തിൽ, മെയ് മാസത്തിൽ ഫോട്ടോഗ്രാഫി ബക്കറ്റ് ലിസ്റ്റ് പോസ്റ്റ് ചെയ്തു. ശേഷിക്കുന്ന കാലയളവിൽ തന്റെ മകൾക്ക് പ്രിയപ്പെട്ട ഓർമ്മകൾ നൽകാമെന്ന പ്രതീക്ഷയിലാണ് വിക്കി ഇക്കാര്യം ചെയ്തത്. വെസ്റ്റ് എൻഡ് മ്യൂസിക്കൽ ഫോട്ടോഷൂട്ട്, ലണ്ടൻ ഫാഷൻ വീക്ക്, പ്രശസ്തമായ സംഗീതോത്സവങ്ങൾ തുടങ്ങിയ ലക്ഷ്യങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു.

ഒരു രാജകീയ സംഭവത്തിന്റെ ഫോട്ടോഗ്രാഫി പട്ടികയിലില്ലെങ്കിലും, മകളെ അവളുടെ ശേഷിക്കുന്ന സമയത്ത് സന്തോഷത്തോടെ ജീവിക്കാൻ സഹായിക്കുന്നതിന് ഫോട്ടോഗ്രഫിയുമായി ബന്ധപ്പെട്ട ഏതവസരങ്ങളെയും അവളുടെ അമ്മ സ്വാഗതം ചെയ്തു.

ഈ ഇവന്റിനുശേഷം, വില്യമും കെയ്റ്റും ലിസും കുടുംബവുമൊത്ത് ഫോട്ടോകൾക്കു പോസ് ചെയ്തു. അവളുടെ പ്രിയപ്പെട്ട ടിവി ഷോയുടെ സെറ്റ് സന്ദർശിക്കാനുള്ള അവസരവും നിലവിൽ ലിസിനു ലഭിച്ചിട്ടുണ്ട്. കാൻസർ രോഗം പിടിമുറുക്കുമ്പോഴും ലോകംമുഴുവനും അവളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനും നല്ല ഓർമ്മകൾ സൂക്ഷിക്കാനും അവളെ സഹായിച്ചുകൊണ്ടിരിക്കുന്നു.

Latest News