Thursday, October 10, 2024

ഇന്ത്യയിൽ ക്രൈസ്തവർ ഏകപക്ഷീയമായ അറസ്റ്റുകളും ഗുരുതരമായ മതസ്വാതന്ത്ര്യലംഘനങ്ങളും നേരിടുന്നുവെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഭരണകക്ഷിയായ ബി. ജെ. പി. സർക്കാർ പാസാക്കിയ നിയമങ്ങൾ രാജ്യത്തെ മതസ്വാതന്ത്ര്യത്തിനു ഭീഷണിയായി മാറിയതിനാൽ കഴിഞ്ഞ വർഷം ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരെ 160-ലധികം അക്രമാസക്തമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു. എസ്. സി. ഐ. ആർ. എഫ്.) നൽകുന്ന സമീപകാല പഠനറിപ്പോർട്ട് അനുസരിച്ചാണ് ഈ വെളിപ്പെടുത്തൽ.

ഇന്ത്യയിലെ ക്രിസ്ത്യാനികൾ അക്രമത്തിന്റെയും മതപരമായ വിവേചനത്തിന്റെയും നിരവധി ഭീഷണികൾ നേരിടുന്നുണ്ട്. പ്രത്യേക ആശങ്കയുള്ള രാജ്യമെന്ന നിലയിൽ (CPC) യു. എസ്. ഗവൺമെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യലംഘനക്കാരുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തണമെന്ന് യു. എസ്. സി. ഐ. ആർ. എഫ്. ആവശ്യപ്പെടുന്നു. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് യു. എസ്. ഏജൻസിയുടെ റിപ്പോർട്ടിനെതിരെ ‘രാഷ്ട്രീയ അജണ്ടയുള്ള പക്ഷപാതപരമായ സംഘടന’ എന്നു വിശേഷിപ്പിച്ചതായി വാർത്താ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.

യു. എസ്. സി. ഐ. ആർ. എഫ്. നെ കൂടുതൽ അപകീർത്തിപ്പെടുത്താൻമാത്രം സഹായിക്കുന്ന ദുരുദ്ദേശ്യപരമായ ഈ റിപ്പോർട്ട് ഞങ്ങൾ നിരസിക്കുന്നു. അത്തരം അജണ്ടയാൽ നയിക്കപ്പെടുന്ന ശ്രമങ്ങളിൽനിന്നു വിട്ടുനിൽക്കാനും പകരം സ്വന്തം രാജ്യത്തിനുള്ളിലെ മനുഷ്യാവകാശപ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യു. എസ്. സി. ഐ. ആർ. എഫ്. നോട് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവക്താവ് ആവശ്യപ്പെട്ടു.

യു. എസ്. സി. ഐ. ആർ. എഫ്. റിപ്പോർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മതസ്വാതന്ത്ര്യലംഘനങ്ങളുടെ സംഭവങ്ങളിൽ വ്യക്തികൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ എന്നിവയ്‌ക്കെതിരായ ആക്രമണങ്ങൾ, പൊതുപ്രാർഥനയ്ക്കുള്ള നിയന്ത്രണങ്ങൾ, ചില സംസ്ഥാനങ്ങളിൽ കനത്ത പിഴ മുതൽ മറ്റുള്ളവയിൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്ന ‘നിർബന്ധിത മതപരിവർത്തന’ത്തിന്റെ തെറ്റായ ആരോപണങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങളും വിവേചനവും

യു. എസ്. സി. ഐ. ആർ. എഫ്. റിപ്പോർട്ടനുസരിച്ച്, ജനുവരി മുതൽ മാർച്ച് വരെ ഇന്ത്യയിൽ ക്രിസ്ത്യാനികൾക്കെതിരായ 161 അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 47 എണ്ണം ഛത്തീസ്ഗഡ് സംസ്ഥാനത്താണ് നടന്നത്. പള്ളികൾക്കും പ്രാർഥനായോഗങ്ങൾക്കും നേരെയുള്ള അക്രമാസക്തമായ ആക്രമണങ്ങൾ മുതൽ ശാരീരിക ആക്രമണങ്ങൾ, ഉപദ്രവം, നിർബന്ധിത മതപരിവർത്തനത്തിന്റെ തെറ്റായ ആരോപണങ്ങൾ വരെ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

വടക്കുകിഴക്കൻ ഇന്ത്യൻ സംസ്ഥാനമായ അസമിൽ, സർക്കാർ അധികാരികൾ കഴിഞ്ഞ ഒരു വർഷത്തിലുടനീളം ക്രിസ്ത്യാനികളെ ആവർത്തിച്ച് ലക്ഷ്യമിട്ടിട്ടുണ്ട്. അസം ഹീലിംഗ് (പ്രിവൻഷൻ ഓഫ് ഈവിൾ) പ്രാക്ടീസ് ബിൽ പോലുള്ള നിയമങ്ങൾ പാസാക്കി. രോഗികൾക്കുവേണ്ടിയുള്ള പ്രാർഥന നിരോധിച്ചു. യു. എസ്. സി. ഐ. ആർ. എഫ്. പറയുന്നതനുസരിച്ച്, ബില്ലിലൂടെ സംസ്ഥാനത്ത് ക്രിസ്ത്യൻ സുവിശേഷവത്കരണവും മതപരിവർത്തനവും നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. അസമിലെ മറ്റൊരു കത്തോലിക്കാ സ്കൂളിൽ നിരവധി ഹിന്ദുസംഘടനകൾ സ്കൂളിൽ പ്രവേശിക്കുകയും ക്രിസ്ത്യൻ ചിത്രങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്നത് നിർത്തണമെന്ന് അധ്യാപകരോട് ആവശ്യപ്പെടുകയും ചെയ്തു.

ഛത്തീസ്ഗഡിൽ, ക്രിസ്ത്യാനികൾക്ക് വെള്ളമെടുക്കുന്ന പൊതു ഇടങ്ങളിൽപ്പോലും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ, യു. എസ്. സി. ഐ. ആർ. എഫ്. ഉദ്ധരിച്ച വൃത്തങ്ങൾ പറയുന്നതനുസരിച്ച്, മരണമടഞ്ഞ ക്രിസ്ത്യാനികളെ പ്രാദേശിക ഹിന്ദു ഗ്രാമവാസികൾ സംസ്കരിക്കാൻ വിസമ്മതിച്ചിട്ടുണ്ട്.

മതപരിവർത്തന വിരുദ്ധനിയമങ്ങളുടെ പേരിൽ ഏകപക്ഷീയമായ അറസ്റ്റുകൾ

2021 മുതൽ ‘നിർബന്ധിത മതപരിവർത്തനം നടത്തുകയോ, അതിൽ പങ്കെടുക്കുകയോ ചെയ്തു’ എന്നാരോപിച്ച് ഡസൻകണക്കിനു ക്രിസ്ത്യാനികളെ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിൽ 12 എണ്ണത്തിലും നിലവിൽ നിലവിലുള്ള മതപരിവർത്തന വിരുദ്ധനിയമങ്ങൾപ്രകാരം, നിർബന്ധിത മതപരിവർത്തനത്തിനുള്ള ശ്രമങ്ങളുടെപേരിൽ മതന്യൂനപക്ഷങ്ങളെ അധികാരികൾക്ക് വിചാരണ ചെയ്യാൻ കഴിയും.

ഉദാഹരണത്തിന്, ഉത്തർപ്രദേശിൽ നടന്ന ഒരു സംഭവം റിപ്പോർട്ട് ഉദ്ധരിക്കുന്നു. അവിടെ ‘മതപരിവർത്തന പ്രവർത്തനങ്ങൾ’ എന്നു സംശയിച്ച് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഒരു കുടുംബ പ്രാർഥനായോഗത്തിൽ പങ്കെടുത്തതിന് നാല് പാസ്റ്റർമാർ ഉൾപ്പെടെ 13 ക്രിസ്ത്യാനികളെ അറസ്റ്റ് ചെയ്തു.

ഉത്തർപ്രദേശിൽ അടുത്തിടെ പാസാക്കിയ ഒരു നിയമം, ഇരയോ, രക്തബന്ധുവോ മാത്രമല്ല, ‘നിർബന്ധിത മതപരിവർത്തനം’ നടത്തിയതായി സംശയിക്കുന്ന ഏതൊരാൾക്കുമെതിരെ എഫ്. ഐ. ആർ. ഫയൽ ചെയ്യാൻ അനുവദിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനത്ത് അറസ്റ്റിലായവരും കുറ്റാരോപിതരുമായവർ ജാമ്യത്തിന് അപേക്ഷിക്കാനുള്ള സാധ്യതയില്ലാതെ ജയിലിൽ തുടരുകയാണ്.

കടപ്പാട്: https://www.catholicnewsagency.com/news/259665/christians-face-arbitrary-arrests-grave-religious-freedom-violations-in-india

LEAVE A REPLY

Please enter your comment!
Please enter your name here

Latest News