തീവ്രവാദ ഗ്രൂപ്പിന്റെ അടിസ്ഥാനസൗകര്യങ്ങൾ ലക്ഷ്യമിട്ടു നടന്നുകൊണ്ടിരിക്കുന്ന ഗ്രൗണ്ട് ഓപ്പറേഷന്റെ ഭാഗമായി ലെബനനിൽനിന്ന് ഇസ്രായേൽ പ്രദേശത്തേക്കു കടന്ന ഹിസ്ബുള്ള തുരങ്കം നശിപ്പിച്ചതായി ഇസ്രായേൽ പ്രതിരോധസേന (ഐ. ഡി. എഫ്.) പ്രഖ്യാപിച്ചു. ഏകദേശം രണ്ടുവർഷം മുമ്പ് നിർമ്മിച്ച 20 മീറ്റർ നീളമുള്ള തുരങ്കമാണ് സേന തകർത്തത്.
ഇസ്രായേൽ സൈനിക വിലയിരുത്തലുകളനുസരിച്ച്, ഐ. ഡി. എഫ്. അതിന്റെ നിർമ്മാണസമയത്ത് തുരങ്കം കണ്ടെത്തുകയും ഹിസ്ബുള്ളയ്ക്ക് അതിന്റെ കണ്ടെത്തൽ വെളിപ്പെടുത്തുന്നതിനുപകരം അത് നിരീക്ഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. മാസങ്ങൾക്കുമുമ്പ് തെക്കൻ ലെബനനിൽ നടത്തിയ റെയ്ഡുകളിൽ കമാൻഡോകൾ ഈ തുരങ്കം കണ്ടെത്തി. തുരങ്കം പരിശോധിച്ചപ്പോൾ സ്ഫോടകവസ്തുക്കളും ടാങ്ക് മിസൈലുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും അവിടെനിന്നു കണ്ടെടുത്തു. ലെബനനിൽനിന്ന് ഇസ്രയേലിലേക്കു കടക്കുന്ന മറ്റ് ടണലുകൾ ഇല്ലെന്നും സൈന്യം വെളിപ്പെടുത്തി.
അതിനിടെ, ഹിസ്ബുള്ള ചൊവ്വാഴ്ച ലെബനനിൽനിന്ന് വടക്കൻ ഇസ്രായേലിലേക്ക് 180 റോക്കറ്റുകൾ വിക്ഷേപിച്ചു. എന്നാൽ, മറ്റൊരു വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ലോജിസ്റ്റിക്കൽ ഹെഡ്ക്വാർട്ടേഴ്സിന്റെ തലവനും തീവ്രവാദഗ്രൂപ്പിന്റെ ഉന്നത സൈനികസംഘടനയിലെ അംഗവുമായ സുഹൈൽ ഹുസൈൻ ഹുസൈനി കൊല്ലപ്പെട്ടു. വ്യോമാക്രമണത്തിൽ ഹുസൈനി ഉൾപ്പെടെ 50 പ്രവർത്തകരും ആറ് ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടതായി ഐ. ഡി. എഫ്. റിപ്പോർട്ട് ചെയ്തു.