Monday, November 25, 2024

അർമേനിയയും അസർബൈജാനും ചരിത്രപരമായ സമാധാന ഉടമ്പടിയിലേക്ക്

സമാധാനകരാർ കരടുരേഖയുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ സമ്മതിച്ച് അർമേനിയയും അസർബൈജാനും. ഇത്, കഴിഞ്ഞ കുറെ വർഷങ്ങളായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷിനിയന്റെ അഭിപ്രായത്തിൽ, “സമാധാനവും അന്തർസംസ്ഥാന ബന്ധങ്ങളുടെ സ്ഥാപനവും സംബന്ധിച്ച ഉടമ്പടി” യുടെ കരടുരേഖ ഇതിനകം 80% എങ്കിലും പൂർത്തിയായിരിക്കുന്നു എന്നാണ്. 2023-ന്റെ അവസാനത്തിൽ, തർക്കപ്രദേശമായ നാഗോർണോ – കറാബാക്ക് അസർബൈജാൻ പൂർണ്ണമായും പിടിച്ചെടുത്തതിനെ തുടർന്നാണ് ഈ സംഭവവികാസമുണ്ടായത്. ഇത് സമാധാന ഉടമ്പടിക്കുവേണ്ടിയുള്ള പ്രതീക്ഷകൾ ഉയർത്തിയിരുന്നു.

കരട് സമാധാന ഉടമ്പടിക്ക് അന്തിമരൂപം നൽകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ധാരണയിലെത്തിയതായി പഷിനിയൻ വെളിപ്പെടുത്തി. മോസ്‌കോയിൽ നടക്കുന്ന കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്‌റ്റേറ്റ്‌സ് (സി. ഐ. എസ്.) ഉച്ചകോടിയിൽ പഷിനിയൻ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് ഈ വഴിത്തിരിവ് ഉണ്ടാകുന്നത്. അവിടെ നേതാക്കൾ 2025-ലേക്കുള്ള പദ്ധതികൾ ചർച്ചചെയ്യുകയും നിരവധി രേഖകളിൽ ഒപ്പിടുകയും ചെയ്യും.

സമാധാന ഉടമ്പടിയിൽ ഒപ്പുവച്ചതിനുശേഷം, അർമേനിയയുടെ ഭരണഘടനയുമായി അത് പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ഭരണഘടനാ കോടതിയിൽ സമർപ്പിക്കേണ്ടതുണ്ടെന്ന് അർമേനിയൻ പ്രധാനമന്ത്രി വെളിപ്പെടുത്തി. എന്തെങ്കിലും വൈരുധ്യങ്ങൾ കണ്ടെത്തിയാൽ, സമാധാനം കൈവരിക്കാൻ ഭരണഘടനാപരമായ മാറ്റങ്ങൾ ആവശ്യമായിവന്നേക്കാം. ഈ സാധ്യതയുള്ള തടസ്സമുണ്ടായിരുന്നിട്ടും, ദീർഘകാലമായി സംഘർഷം ബാധിച്ച ഒരു പ്രദേശത്തിന് ഇതുവരെയുള്ള പുരോഗതി ഒരു പ്രതീക്ഷ നൽകുന്ന സൂചനയാണ്.

സമാധാന ഉടമ്പടി യാഥാർഥ്യത്തോട് അടുക്കുമ്പോൾ, അർമേനിയയും അസർബൈജാനും ശാശ്വതമായ സമാധാനത്തിലേക്കും സഹകരണത്തിലേക്കുമുള്ള ഒരു പാത കണ്ടെത്തിയേക്കാം. ഈ അയൽരാജ്യങ്ങൾ ചരിത്രപരമായ ഒരു കരാറിനായി പ്രവർത്തിക്കുന്നത് അന്താരാഷ്ട്രസമൂഹം സൂക്ഷ്മമായി നിരീക്ഷിക്കും.

Latest News