അമേരിക്കയിലെ ഫ്ലോറിഡയിൽ എത്തിച്ചേർന്ന് മിൽട്ടൺ ചുഴലിക്കൊടുങ്കാറ്റ്. അങ്ങേയറ്റം അപകടകരമായ കാറ്റഗറി 3 വിഭാഗത്തിലുൾപ്പെടുന്ന ഈ ചുഴലിക്കാറ്റ് ബുധനാഴ്ച ഫ്ലോറിഡയിലെ സിയസ്റ്റ കീയിൽ ആഞ്ഞടിക്കുകയും സംസ്ഥാനത്തിന്റെ മധ്യഭാഗങ്ങളിൽ അപകടകരമാംവിധമുള്ള അവസ്ഥകൾ കൊണ്ടുവരികയും ചെയ്തു.
ഫ്ലോറിഡയുടെ വിവിധ ഭാഗങ്ങളിൽ കൊടുങ്കാറ്റ്, അതിശക്തമായ കാറ്റ്, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവയെക്കുറിച്ച് യു. എസ്. നാഷണൽ ഹരിക്കേയ്ൻ കേന്ദ്രം (എൻ. എച്ച്. സി.) മുന്നറിയിപ്പ് നൽകിയിരുന്നു. എൻ. എച്ച്. സി. നൽകിയ വിവരങ്ങളനുസരിച്ച്, ബുധനാഴ്ച രാത്രി 20:30 EST ന് മിൽട്ടൻ എത്തിച്ചേരുകയും 115 mph (185km/h) വരെ കാറ്റ് ഉയരുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരത്തോടെ അറ്റ്ലാന്റിക് സമുദ്രത്തിലേക്കു പോകുന്നതിനുമുമ്പ് മധ്യ ഫ്ലോറിഡയിലൂടെ, ഒറ്റരാത്രിയും വ്യാഴാഴ്ച മുഴുവനും ചുഴലിക്കാറ്റ് സംസ്ഥാനത്ത് ആഞ്ഞടിക്കുമെന്നു പ്രതീക്ഷിക്കുന്നതായും എൻ. എച്ച്. സി. പറഞ്ഞു.
ഹെലിൻ ചുഴലിക്കാറ്റ് യു. എസ് ന്റെ തെക്കുകിഴക്കു ഭാഗങ്ങളിൽ സാരമായ നാശനഷ്ടങ്ങൾ വരുത്തി രണ്ടാഴ്ചയ്ക്കുശേഷമാണ് മിൽട്ടന്റെ ആഘാതം. കാലാവസ്ഥ മോശമായതിനാൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ താമസക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.