ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായതുപോലെ മനുഷ്യന്റെ ആയുർദൈർഘ്യം ഉയരുന്നത് തുടരുമോ? ജനസംഖ്യാശാസ്‌ത്രജ്ഞരുടെ ശ്രദ്ധയാകർഷിച്ച ഈ ചോദ്യത്തിനു മറുപടിയായി പുതിയ കണ്ടെത്തൽ.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം വൈദ്യശാസ്ത്രത്തിലും പൊതുജനാരോഗ്യത്തിലുമുണ്ടായ പുരോഗതിമൂലം ദീർഘായുസ്സ് വിപ്ലവം നടന്നു. കഴിഞ്ഞ 50 വർഷത്തിലേറെയായി, മനുഷ്യർ ഒരു ദശകത്തിൽ മൂന്നുവർഷം വരെ ആയുസ്സ് നേടിയിരുന്നു. ഒന്നോ, രണ്ടോ നൂറ്റാണ്ടുകൾക്കുമുമ്പ് അത് ഒരുവർഷമായിരുന്നു. എന്നാൽ, നേച്ചർ ഏജിംഗ് ജേണലിൽ, ഒക്ടോബർ 7 തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, സമ്പന്നരാജ്യങ്ങളിൽ മനുഷ്യന്റെ ആയുർദൈർഘ്യം കുറയുന്നതായി റിപ്പോർട്ടുണ്ട്. ജൈവിക വാർധക്യപ്രക്രിയയെ നിയന്ത്രിക്കുന്നതിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിൽ ഈ മാന്ദ്യം 21-ാം നൂറ്റാണ്ടിലും തുടരുമെന്നാണ് ഗവേഷകർ പറയുന്നത്.
പഠനത്തെ പിന്തുണയ്ക്കുന്നതിനായി നാല് അമേരിക്കൻ ശാസ്ത്രജ്ഞർ 1990-നും 2019-നുമിടയിൽ (ഓസ്ട്രേലിയ, ഫ്രാൻസ്, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്) ഏറ്റവും ഉയർന്ന ആയുർദൈർഘ്യത്തിലെത്തിയ എട്ടു രാജ്യങ്ങളിൽ ഗവേഷണം നടത്തി. കോവിഡ് -19 പകർച്ചവ്യാധിമൂലം കടുത്ത സമ്മർദത്തിനു വിധേയരായതിനാൽ 2010 മുതൽ അമേരിക്കക്കാരുടെ ആയുർദൈർഘ്യം മന്ദഗതിയിലായെന്നു പഠനം പറയുന്നു.