Sunday, November 24, 2024

വയനാട്, വിലങ്ങാട് ദുരന്ത പുനരധിവാസം: കെ. സി. ബി. സി. ദുരിതാശ്വാസ പ്രവർത്തനപുരോഗതി വിലയിരുത്തി

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് ദുരന്തബാധിതർക്കായി കേരള കത്തോലിക്കാ മെത്രാൻസമിതിയുടെ നേതൃത്വത്തിൽ കേരള കത്തോലിക്കാ സഭ ഒന്നുചേർന്നു നടപ്പിലാക്കുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ഇതുവരെയുള്ള വിലയിരുത്തൽ നടത്തുകയും ഭാവിപ്രവർത്തനങ്ങളുടെ വിശദാംശങ്ങൾക്കു രൂപരേഖ തയ്യാറാക്കുകയും ചെയ്തു.

കെ. സി. ബി. സി. ജസ്റ്റീസ് പീസ് ആൻഡ് ഡെവലപ്പ്‌മെന്റ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിലാണ് യോഗം ചേർന്നത്. നാളിതുവരെ നടത്തിയ ജീവൻരക്ഷാപ്രവർത്തനങ്ങളുടെയും ദുരിതാശ്വാസ സഹായങ്ങൾ ലഭ്യമാക്കിയതിന്റെയും കൗൺസലിംഗ് ഉൾപ്പടെയുള്ള മാനസികാരോഗ്യ സാമൂഹ്യശാക്തീകരണ പ്രവർത്തനങ്ങളുടെയും വിശദാംശങ്ങൾ കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ യോഗത്തിൽ അവതരിപ്പിച്ചു. ദുരന്തപ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന രൂപതാ സാമൂഹ്യസേവന വിഭാഗങ്ങളുടെ പങ്കാളിത്തത്തിലും മേൽനോട്ടത്തിലും നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കല്പറ്റ ആസ്ഥാനമാക്കി കേരള സോഷ്യൽ സർവീസ് ഫോറം ആരംഭിച്ച ഓഫീസിലൂടെ നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.

കാരിത്താസ് ഇന്ത്യ ഉൾപ്പടെയുള്ള വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ 925 ദുരന്തബാധിത കുടുംബങ്ങൾക്ക് 9,500 രൂപ വീതം ലഭ്യമാക്കുകയുണ്ടായി. കൂടാതെ, ജീവനോപാധികൾ പുനഃസ്ഥാപിക്കുന്നതിനായി പ്രാദേശിക സാമൂഹ്യസേവന പ്രസ്ഥാനങ്ങളിലൂടെ ഒരു കോടി രൂപ വീതം ലക്ഷ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാവുകയും കുടുംബാംഗങ്ങൾക്ക് ഇതിനാവശ്യമായ പ്രാരംഭപരിശീലനം നല്കുകയും ചെയ്തു. ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായ പശ്ചാത്തലത്തിൽ കെ. സി. ബി. സി. യുടെ ദുരന്തനിവാരണ വിദഗ്ദ്ധസമിതി ദുരിതബാധിതപ്രദേശങ്ങളിൽ തുടർസന്ദർശനം നടത്തുകയും അടുത്തഘട്ട പ്രവർത്തനങ്ങൾക്കുള്ള വിശദാംശങ്ങൾ തയ്യാറാക്കുകയും ചെയ്തു.

ഇതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ഇനി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളും വിലയിരുത്തിയ യോഗം, ഭവനനിർമ്മാണം ഉൾപ്പടെയുള്ള തുടർ സുസ്ഥിരപ്രവർത്തനങ്ങൾ സർക്കാരുമായി സഹകരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന സർക്കാരുമായും സർക്കാരിന്റെ ദുരന്തനിവാരണ വിഭാഗവുമായും ഒക്‌ടോബർ 15-ാം തീയതി ചർച്ചകൾ നടത്തി തുടർപ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.

കെ. സി. ബി. സി. യുടെ പോസ്റ്റ് ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. റൊമാൻസ് ആന്റണി, ഫാ. ജോർജ് വെട്ടിക്കാട്ടിൽ, ഫാ. തോമസ് തറയിൽ എന്നിവരും കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഫാ. ജോണി പുതുക്കാട്ട്, ഫാ. വർഗീസ് കിഴക്കേക്കര, ഫാ. സീജൻ മനുവേലിപ്പറമ്പിൽ, ഫാ. ബിനീഷ് കാഞ്ഞിരത്തിങ്കൽ, ഫാ. അഗസ്റ്റിൻ മേച്ചേരി എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Latest News