ലോകത്താകമാനം 37 കോടിയിലധികം സ്ത്രീകളും പെൺകുട്ടികളും അവരുടെ ചെറുപ്പകാലത്ത് ലൈംഗികചൂഷണങ്ങൾക്കു വിധേയരായിട്ടുണ്ടെന്നു വെളിപ്പെടുത്തി യൂണിസെഫ്. ഓൺലൈൻ ഉൾപ്പെടെ, നേരിട്ടല്ലാത്ത ചൂഷണങ്ങളുടെ കണക്കെടുത്താൽ ഇത് 65 കോടിയിലേക്കെത്തും. 24 മുതൽ 31 കോടിവരെ ആൺകുട്ടികളും ലൈംഗികചൂഷണങ്ങൾക്കു വിധേയരായിട്ടുണ്ടെന്നാണ് കണക്കുകൾ.
‘പെൺകുട്ടികളുടെ അന്താരാഷ്ട്രദിനവുമായി’ ബന്ധപ്പെട്ട് ഒക്ടോബർ പത്തിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലാണ് ശിശുക്ഷേമനിധി ഈ കണക്കുകൾ പുറത്തുവിട്ടിട്ടുള്ളത്. 37 കോടി സ്ത്രീകൾ നേരിട്ടുള്ള ലൈംഗികചൂഷണങ്ങൾക്കു വിധേയരായിട്ടുണ്ടെന്നു കണക്കാക്കുന്ന യൂണിസെഫ് പക്ഷേ, നേരിട്ടല്ലാതെ ഓൺലൈൻ വഴിയും വാക്കാലുമുള്ള ചൂഷണങ്ങൾക്ക് 65 കോടിയോളം സ്ത്രീകൾ ഇരകളായിട്ടുണ്ടെന്നും അറിയിച്ചു. ഏതാണ്ട് അഞ്ചിലൊന്നു സ്ത്രീകളും ഇത്തരം പ്രവർത്തികൾക്കു വിധേയരായിട്ടുണ്ട്. കൗമാരപ്രായത്തിലാണ് ഇവരിൽ ഭൂരിഭാഗവും ചൂഷണങ്ങൾക്കു വിധേയരായതെന്നു വിശദീകരിച്ച യൂണിസെഫ്, 14 മുതൽ 17 വരെയുള്ള പ്രായത്തിനിടയിലാണ് കൂടുതൽപേരും ഇത്തരം ആക്രമണങ്ങളുടെ ഇരകളായിട്ടുള്ളതെന്ന് വ്യക്തമാക്കി.
പുരുഷന്മാരുടെ കാര്യത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. 24 മുതൽ 31 കോടിവരെ പുരുഷന്മാരും ചെറുപ്പത്തിൽ ലൈംഗികചൂഷണങ്ങൾക്കു വിധേയരായിട്ടുണ്ടെന്ന് യൂണിസെഫ് പ്രസ്താവിച്ചു. ഓൺലൈൻ വഴിയും വാക്കാലുമുള്ള ചൂഷണങ്ങളുടെ കണക്കെടുത്താൽ 41 മുതൽ 53 കോടിവരെ പുരുഷന്മാരും ഇത്തരം അതിക്രമങ്ങൾക്കു വിധേയരായിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭാസംഘടന വ്യക്തമാക്കി.
കുട്ടികളുടെമേൽ നടത്തുന്ന ലൈംഗികാതിക്രമങ്ങൾ നമ്മുടെ ധാർമ്മിക മനഃസാക്ഷിയുടെമേൽ വലിയൊരു കറയായി നിൽക്കുമെന്ന് യൂണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ പ്രസ്താവിച്ചു. ഒക്ടോബർ 11-നാണ് ‘പെൺകുട്ടികളുടെ അന്താരാഷ്ട്രദിനം’ ആചരിക്കപ്പെടുന്നത്. ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ അതിക്രമങ്ങൾക്ക് ഇരകളാകുന്നത് (22%). അതിൽ തെക്കുകിഴക്കൻ ഏഷ്യയാണ് രണ്ടാം സ്ഥാനത്താണ് (8%).
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ അവസാനിപ്പിക്കാനായി ആഗോളതലത്തിൽ ശ്രമങ്ങൾ നടക്കേണ്ടതിന്റെയും അവർക്ക് സുരക്ഷിതമായ ഒരു ഭാവി ഉറപ്പാക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ഈ റിപ്പോർട്ടുകൾ ഓർമ്മിപ്പിക്കുന്നുണ്ട്.
കടപ്പാട്: വത്തിക്കാൻ ന്യൂസ്