Monday, April 21, 2025

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ; പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ സൈന്യം

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ. സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കിയതോടെയാണ് പ്രസിഡന്റിന്റെ നടപടി. ഇന്ന് അര്‍ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. അതേസമയം, രാജിവെക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രംഗത്തെത്തി.

കഴിഞ്ഞ മാസവും പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. അതിനിടെ പാര്‍ലമെന്റ് സമ്മേളനം 17 വരെ നിര്‍ത്തി വച്ചു. സര്‍ക്കാരിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ നടപടി. വിദ്യാര്‍ത്ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് ലാത്തി വീശി. രാജിയാവശ്യം പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ വീണ്ടും തളളി.

ധനമന്ത്രി അലി സാബ്രി കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടത്തിയ വെളിപ്പെടുത്തല്‍ അനുസരിച്ച് നിലവിലെ ലങ്കയുടെ കരുതല്‍ ധനശേഖരം 50 മില്യണ്‍ ഡോളറിലും താഴെയാണ്. അത് പാപ്പരാകുന്ന അവസ്ഥയിലും മോശമാണ് എന്ന് എസ്‌ജെബി എംപി ഹര്‍ഷ ഡിസില്‍വ പറഞ്ഞു. ഇനിയും അത് ഇടിഞ്ഞാല്‍ രാജ്യത്തെ നാണയപ്പെരുപ്പം കൂടുതല്‍ രൂക്ഷമാകും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

1948-ല്‍ സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്കയില്‍ രോഷം ആളിപ്പടരുകയാണ്. കടമെത്രവാങ്ങിയിട്ടും രാജ്യത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കഴിയാത്ത സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ‘ഗോ ഹോം ഗോട്ട’ എന്നാണ് ഇന്ന് ശ്രീലങ്കന്‍ തെരുവുകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പ്രതിഷേധ സ്വരം.

 

Latest News