കാറപകടത്തെത്തുടർന്ന് കാലുകൾ നഷ്ടപ്പെട്ട ഒരു കൗമാരക്കാരൻ. നഷ്ടങ്ങൾക്കിടയിലും കുറവുകൾക്കിടയിലും ഈ കൗമാരക്കാരൻ ദൈവത്തിനു നന്ദിപറയുകയാണ്, തന്റെ ജീവൻ തിരിച്ചുകിട്ടിയതിനെ ഓർത്ത്. സാധാരണ കൗമാരക്കാർ നിരാശയിലാഴ്ന്നുപോകുന്ന എല്ലാ അവസ്ഥകളിലൂടെയും ആദം ഗോലെബീവ്സ്കി എന്ന 17-കാരൻ കടന്നുപോയി. എന്നാൽ, അതിനെയൊക്കെ അസാധാരണമായ മനോധൈര്യവും പക്വതയുംകൊണ്ട് അതിജീവിക്കാൻ ആദത്തിനു കഴിഞ്ഞു എന്നത് ഈ ചെറുപ്പക്കാരനെ അനേകരിൽനിന്നും വ്യത്യസ്തനാക്കുന്നു.
ഫുട്‌ബോളിനെ ഏറെ സ്നേഹിക്കുകയും ഗോൾകീപ്പർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത കൗമാരക്കാരനായിരുന്നു ആദം. അവന്റെ കളിയും ആവേശവും ഭാവിയിൽ മികച്ച കളിക്കാരനാകുമെന്ന പ്രതീക്ഷ എല്ലാവരിലും ഉയർത്തിയിരുന്നു. എന്നാൽ, അതിനെ എല്ലാം തകിടംമറിച്ചത് അബെർഡീൻഷയറിലെ മക്ഡഫിൽ നടന്ന അപകടമായിരുന്നു. സെപ്റ്റംബർ എട്ട്, ഞായറാഴ്ച പുലർച്ചെ കാറിൽ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം നടന്നത്. അപകടത്തെത്തുടർന്ന് ഇരുകാലുകളും മുറിച്ചുമാറ്റാതെ നിവൃത്തിയുണ്ടായിരുന്നില്ല.
അപകടം നടക്കുമ്പോൾ ആദം ഗോലെബീവ്സ്കിക്ക് വയസ്സ് 17. ജീവിതത്തിനും മരണത്തിനുമിടയിലൂടെ കടന്നുപോകുന്നതിനിടയിൽ ആശുപത്രിയിൽവച്ച് അവന്റെ പതിനെട്ടാം പിറന്നാളും കടന്നുപോയി. കാലുകൾ മുറിച്ചുമാറ്റിയതിനുശേഷം ഈ കൗമാരക്കാരൻ ഇപ്പോൾ അബെർഡീനിലെ വുഡെൻഡ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
തനിക്ക് സംഭവിച്ചത് പെട്ടെന്ന് അംഗീകരിക്കാനാവാത്തതായിരുന്നു. എങ്കിലും അതിനെ ഏറ്റവും പോസിറ്റീവായിത്തന്നെ ആദം കണ്ടു. ഇരുകാലുകളും ഇല്ലെന്ന യാഥാർഥ്യത്തോടുള്ള ഈ കൗമാരക്കാരന്റെ പ്രതികരണം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. ചികിത്സയ്ക്കിടയിൽ തന്റെ ജൂനിയർ ടീമായ ഡെവറോൺസൈഡിൽ നിന്നുള്ള ടീമംഗങ്ങൾ ഒരു മത്സരം വിജയിക്കുന്നതു കാണാൻ അദ്ദേഹം വീൽചെയറിൽ പോയി. തനിക്ക് അപകടം സംഭവിച്ചതിൽ ദുഃഖിച്ചിരിക്കാതെ എപ്പോഴും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ആദം, തന്നെ സന്ദർശിക്കാനെത്തുന്നവർക്കു നന്ദിപറയാനും തന്റെ മുത്തശ്ശിയെ സന്ദർശിക്കാനുമൊക്കെ പോകുകയാണ്.
“ആ അപകടത്തെക്കുറിച്ച് ഞാൻ ഓർക്കുന്നില്ല. ശസ്ത്രക്രിയയ്ക്കായി പോകുന്നതിനുമുൻപ് ഒരാൾ, തനിക്ക് മാരകമായി മുറിവ് സംഭവിച്ചു എന്നും കാലുകൾ നഷ്ടപ്പെടുമെന്നും പറഞ്ഞു. പിന്നെ അമ്മയെ വിളിച്ചു മാപ്പുപറഞ്ഞു. ഓപ്പറേഷനു ശേഷം ഉണർന്നപ്പോൾ കുടുംബത്തെയും ഫുട്ബോൾ പരിശീലകനെയും പുരോഹിതനെയും കണ്ടതായി എനിക്ക് ഓർമയുണ്ട്. സത്യത്തിൽ എനിക്കുവേണ്ടി പ്രാർഥിക്കാനും പിന്തുണ നൽകാനും ഇത്രയധികം ആളുകൾ ഉണ്ടെന്നുള്ളത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇതിലും മോശമായി എന്തെങ്കിലും സംഭവിക്കാമായിരുന്നു. എന്നാൽ, ഞാൻ ജീവനോടെ ആയിരിക്കുന്നതിലും സംസാരിക്കാൻ കഴിയുന്നതിലും ഞാൻ സന്തോഷിക്കുന്നു” – ആദം പറയുന്നു.
“ഞാൻ കരയുന്നത് വെറുക്കുന്നില്ല. പക്ഷേ, വികാരാധീനനാകാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല” – ആദം കൂട്ടിച്ചേർത്തു.