2024 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടി ജപ്പാനിലെ നിഹോൻ ഹിഡാൻക്യോയ് എന്ന സംഘടന. അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തെ അതിജീവിച്ചവരുടെ സന്നദ്ധസംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും നടന്ന ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടവർ ഹിബാകുഷ എന്നാണ് അറിയപ്പെടുന്നത്. ഇവരുടെ പ്രവർത്തനങ്ങൾ അംഗീകരിച്ചുകൊണ്ട് നൊബേൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വാറ്റ്നെ ഫ്രൈഡ്നെസ് പറഞ്ഞത് “ആണവ നിരോധനം കൊണ്ടുവരുന്നതിന് സംഘം വളരെയധികം സംഭാവന നൽകിയിട്ടുണ്ട്” എന്നാണ്. ആണവ നിരോധനം ഇപ്പോൾ സമ്മർദ്ദത്തിലാണ് എന്ന് മുന്നറിയിപ്പ് നൽകിയ നോബേൽ കമ്മിറ്റി ചെയർമാൻ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെ തടയാൻ അണുബോംബ് ആക്രമണത്തെ അതിജീവിച്ചവരുടെ സാക്ഷ്യങ്ങൾ ഉപയോഗിക്കുന്ന രീതിയെ പ്രശംസിക്കുകയും ചെയ്തു.
1956 ൽ സ്ഥാപിതമായ ഈ സംഘടന ലോകത്തെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ആളുകളെ ബോധവൽക്കരിക്കാൻ അതിജീവിതരെ അയക്കുകയും അവരുടെ സാക്ഷ്യങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ഹിരോഷിമയുടെയും നാഗസാക്കിയുടെയും നാശത്തിന് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷമാണ് ഈ സംഘടന പ്രവർത്തനം ആരംഭിച്ചത്.
1945 ഓഗസ്റ്റ് 6 ന് ഒരു യുഎസ് ബോംബർ ഹിരോഷിമ നഗരത്തിന് മുകളിൽ യുറേനിയം ബോംബ് വർഷിക്കുകയും തൽഫലമായി 140,000 പേർ കൊല്ലപ്പെടും ചെയ്തു. മൂന്ന് ദിവസത്തിന് ശേഷം രണ്ടാമത്തെ ആണവായുധം നാഗസാക്കിയിൽ പതിച്ചു. താമസിയാതെ ഹിരോഹിതോ ചക്രവർത്തി പ്രഖ്യാപിച്ച ജപ്പാന്റെ കീഴടങ്ങലോടെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.
“ഹിരോഷിമയിൽ ആണവ ബോംബ് പതിക്കുമ്പോൾ തനിക്ക് മൂന്ന് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും തൻ്റെ വീടിനു കുറുകെ ഓടിപ്പോകുന്ന പരിഭ്രാന്തരും പൊള്ളലേറ്റവരുമായ അതിജീവിച്ചവരെ തനിക്ക് ഇപ്പോഴും ഓർമിക്കാൻ കഴിയുന്നു”- അണുബോംബ് സ്ഫോടനത്തെ അതിജീവിച്ച മിമാക്കി വെളിപ്പെടുത്തുന്നു. ഒപ്പം ആണവായുധങ്ങൾ സമാധാനം കൊണ്ടുവരുന്നു എന്ന ആശയത്തെയും മിമാക്കി വിമർശിച്ചു. “ആണവായുധങ്ങൾ കാരണം ലോകം സമാധാനം നിലനിർത്തുന്നുവെന്ന് പറയപ്പെടുന്നു. എന്നാൽ ആണവായുധങ്ങൾ തീവ്രവാദികൾക്ക് ഉപയോഗിക്കാൻ കഴിയും”- മിമാക്കി പറഞ്ഞു.