Monday, April 21, 2025

ചൈനയില്‍ പത്ത് കത്തോലിക്കാ വൈദികരെ ഭരണകൂടം തടങ്കലില്‍ വച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്

ചൈനയില്‍ വീണ്ടും ക്രൈസ്തവ മത പീഡനം തുടര്‍ക്കഥയാവുന്നു. ഹെബെയ് പ്രവിശ്യയിലെ ബാവോഡിംങ് രൂപതയില്‍ നിന്നുള്ള പത്ത് കത്തോലിക്കാ വൈദികരെ ചൈനീസ് ഭരണകൂടം തടങ്കലില്‍ വച്ചിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട് .

‘2018- ലെ ചൈന വത്തിക്കാന്‍ കരാറിനു ശേഷം ചൈനീസ് കത്തോലിക്കാ സഭ വളരുകയാണെന്ന് ആഗോള സമൂഹത്തെ വിശ്വസിപ്പിക്കാന്‍ ബെയ്ജിംഗ് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ചൈനയിലെ കത്തോലിക്കര്‍ കഷ്ടത അനുഭവിക്കുന്നു എന്നതാണ് സത്യം. ചൈനയിലെ കത്തോലിക്കാ സഭാതലവന്മാര്‍ ദേശഭക്തി വിദ്യാഭ്യാസത്തിന് വിധേയരാകുകയും അതോടൊപ്പം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്ന ചൈനയുടെ ഔദ്യോഗിക സഭയില്‍ ചേരാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു’. ഐസിസി-യുടെ തെക്കുകിഴക്കന്‍ ഏഷ്യ റീജിയണല്‍ മാനേജര്‍ ജിന ഗോഹ് പറഞ്ഞു.

ഔദ്യോഗിക സഭയില്‍ ചേരാന്‍ വിസമ്മതിക്കുന്നവരെ ബാവോഡിംങ്ങിലെ പത്ത് വൈദികരെപ്പോലെ നിര്‍ബന്ധിത തിരോധാനത്തിന് ഇരയാക്കുകയാണ് ഭരണകൂടം.
ഈ വിഷയത്തില്‍ വത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ച് ചൈനയിലെ കത്തോലിക്കരുടെ നീതിക്കു വേണ്ടി നിലകൊള്ളണംമെന്ന് ജിന ഗോഹ് ആവശ്യപ്പെട്ടു.

ചൈനീസ് ഭരണകൂടത്തിനു കീഴിലുള്ള സംഘടനയില്‍ അംഗമാകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാവോഡിംങ് രൂപതയുടെ ബിഷപ്പ് ജെയിംസ് സു ഷിമിനെ 1997- ല്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് 2003-ല്‍ ചൈനയിലെ ഒരു ആശുപത്രിയില്‍ കണ്ടെത്തിയ അദ്ദേഹത്തെ ആശുപത്രി വിട്ട ശേഷം ആരും കണ്ടിട്ടില്ല. 2016-ല്‍ ഫാ. യാങ് ജിയാന്‍വെയെയും 2020 നവംബറില്‍, രണ്ട് വൈദികരെയും പന്ത്രണ്ടിലധികം വൈദികാര്‍ത്ഥികളെയും സന്യസ്തരെയും ചൈനീസ് ഭരണകൂടം ബലമായി പിടിച്ചുകൊണ്ടു പോയിട്ടുണ്ട്. തടങ്കലിലുള്ള ചിലരെ മോചിപ്പിച്ചിട്ടുണ്ടെങ്കിലും ചൈനയുടെ ഔദ്യോഗിക സഭയില്‍ ചേരാന്‍ വിസമ്മതിക്കുന്നവരെ തട്ടിക്കൊണ്ടു പോകുന്നത് ചൈനീസ് ഭരണകൂടം തുടരുകയാണ്.

 

Latest News