Saturday, November 23, 2024

അഫ്ഗാൻ മാധ്യമങ്ങളിൽ ‘ജീവജാലങ്ങളുടെ ചിത്രങ്ങൾ’ നിരോധിക്കുന്ന നിയമം നടപ്പാക്കാൻ താലിബാൻ

അഫ്ഗാനിസ്ഥാനിൽ ‘ജീവജാലങ്ങളുടെ ചിത്രങ്ങൾ’ പ്രക്ഷേപണം ചെയ്യുന്ന ചില മാധ്യമങ്ങൾക്കെതിരെ താലിബാൻ നിരോധനം ഏർപ്പെടുത്തുന്നതായി റിപ്പോർട്ട്. ഒരു അഫ്ഗാൻ ഉദ്യോഗസ്ഥൻ ഈ വാർത്ത സ്ഥിരീകരിച്ചതായി ചൊവ്വാഴ്ച അസോസിയേറ്റഡ് പ്രസ് വ്യക്തമാക്കി.

താലിബാൻ അതിന്റെ വൈസ് ആൻഡ് വെർച്യു മിനിസ്ട്രി വഴി, നിലവിൽ ചില പ്രവിശ്യകളിൽ നിയമം നടപ്പാക്കി. വിദേശമാധ്യമങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ മാധ്യമസ്ഥാപനങ്ങൾക്കും എപ്പോൾ മുതൽ ഈ നിയമം ബാധകമാണെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ഓഗസ്റ്റിൽ വൈസ് ആൻഡ് വെർച്യു മന്ത്രാലയം പ്രഖ്യാപിച്ച നിയമങ്ങളാണ് പുതിയ നിയന്ത്രണങ്ങൾക്ക്  ആധാരം. ഈ നിയമങ്ങൾപ്രകാരം, ഓഗസ്റ്റിൽ, സ്ത്രീകൾ പൊതുസ്ഥലത്ത് സംസാരിക്കുന്നതും മുഖം കാണിക്കുന്നതും താലിബാൻ വിലക്കിയിരുന്നു.

യു. എസ്. പിൻവാങ്ങലിനെ തുടർന്ന് താലിബാൻ അധികാരമേറ്റതിനുശേഷം അഫ്ഗാനിസ്ഥാനിൽ ഇത്തരത്തിലുള്ള നിയമങ്ങളുടെ ആദ്യപ്രഖ്യാപനമായി സ്ത്രീകൾ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് വിലക്കിയിരുന്നു. അഫ്ഗാൻ പ്രവിശ്യകളായ മൈദാൻ വർദക്, കാണ്ഡഹാർ, തഖാർ എന്നിവിടങ്ങളിലെ മാധ്യമങ്ങൾ, ആത്മാവുള്ള ഒന്നിന്റെയും ചിത്രങ്ങൾ കാണിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് വൈസ് ആൻഡ് വെർച്യു മിനിസ്ട്രി വക്താവ് സെയ്ഫ് ഉൽ ഇസ്ലാം ഖൈബർ സ്ഥിരീകരിച്ചു.

അത്തരം ചിത്രങ്ങൾ പ്രക്ഷേപണം ചെയ്യരുതെന്ന് സംസ്ഥാന മാധ്യമങ്ങളോട് മന്ത്രാലയം നേരിട്ടുപറഞ്ഞതായി അഫ്ഗാൻ ഇൻഡിപെൻഡന്റ് ജേണലിസ്റ്റ്സ് യൂണിയൻ ഡയറക്ടർ ഹുജ്ജത്തുല്ല മുജാദിദി റിപ്പോർട്ട് ചെയ്തു. ഇത് പിന്നീട് പ്രവിശ്യകളിലെ എല്ലാ മാധ്യമങ്ങളിലേക്കും വ്യാപിപ്പിച്ചു.

Latest News