തെക്കൻ ഗാസയിൽ നടന്ന പോരാട്ടത്തിൽ ഹമാസിന്റെ നേതാവായ യാഹ്യാ സിൻവാർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇസ്രായേൽ സൈന്യം. 2017 മുതൽ ഗാസയിലെ സായുധസംഘത്തെ നയിച്ച സിൻവാറിനെ, ഇസ്രായേലും യു. എസും യു. കെ. യും ഒക്ടോബർ 7-ലെ ആക്രമണത്തിന്റെ സൂത്രധാരനായി വിശേഷിപ്പിച്ചിരുന്നു.
ഹമാസിന്റെ മുതിർന്ന നേതാക്കൾ ഉപയോഗിച്ചുവെന്നു സംശയിക്കുന്ന റാഫയിലെ ഒരു കെട്ടിടത്തിൽ ബുധനാഴ്ച നടന്ന റെയ്ഡിൽ കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളിൽ സിൻവറും ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. ഹമാസ് മേധാവിയുടെ കൊലപാതകം അവസാനമല്ല, മറിച്ച് ഒരുവർഷം നീണ്ടുനിന്ന ഗാസ യുദ്ധത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തി.
ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയ സ്ഥലത്ത് ബന്ദികളുടെ സാന്നിധ്യം ഇല്ലായിരുന്നു എന്ന് സൈന്യം വെളിപ്പെടുത്തുന്നു. സിൻവാർ ഇസ്രായേലി ബന്ദികൾക്കൊപ്പം സംരക്ഷണമാർഗമായി യാത്രചെയ്യുമെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നതിനെ തുടർന്നാണ് ഇക്കാര്യം സൈന്യം സ്ഥിരീകരിച്ചത്.
സിൻവാറിന്റെ കൊലപാതകത്തെ പ്രശംസിച്ച നെതന്യാഹു, ഹമാസ് ആയുധങ്ങൾ ഉപേക്ഷിച്ച് ഗാസയിൽ ബന്ദികളാക്കിയ ബാക്കിയുള്ളവരെ തിരികെനൽകിയാൽ സംഘർഷം നാളെ അവസാനിക്കുമെന്നും കൂട്ടിച്ചേർത്തു. “നിങ്ങളുടെ ഓരോ പ്രിയപ്പെട്ടവരെയും വീട്ടിലേക്കു കൊണ്ടുവരുന്നതുവരെ ഇസ്രായേൽ ഞങ്ങളുടെ എല്ലാ ശക്തിയോടുംകൂടി അവിടെ തുടരും. കാരണം, അവരും ഞങ്ങളുടെ പ്രിയപ്പെട്ടവരാണ്” – മുൻപ് ബന്ദികളുടെ കുടുംബങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് നെതന്യാഹു പറഞ്ഞിരുന്നു.