സിൽവാറിന്റെ മരണം ഇസ്രായേലിനും അമേരിക്കയ്ക്കും ലോകത്തിനും ഒരു നല്ല ദിവസമാണ് പ്രദാനം ചെയ്യുന്നതെന്നു വെളിപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഡി. എൻ. എ. പരിശോധനയിലൂടെ ഹമാസ് നേതാവ് സിൽവാറിന്റെ മരണം സ്ഥിരീകരിച്ച ഇസ്രായേലിന്റെ അറിയിപ്പിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
2011-ൽ ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടതിനുശേഷം യു. എസിലുടനീളം സാക്ഷ്യംവഹിച്ച ആശ്വാസദിനങ്ങൾക്കു സമാനമാണ് സിൻവാറിന്റെ മരണം നൽകുന്നതെന്ന് ബൈഡൻ വ്യക്തമാക്കി. തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നേതാവെന്ന നിലയിൽ, മുപ്പതിലധികം രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ഇസ്രായേലികൾ, പാലസ്തീനികൾ, അമേരിക്കക്കാർ എന്നിവരുടെ മരണത്തിന് സിൻവാർ ഉത്തരവാദിയാണെന്നും ഒക്ടോബർ 7-ലെ കൂട്ടക്കൊലകൾ, ബലാത്സംഗങ്ങൾ, തട്ടിക്കൊണ്ടുപോകൽ എന്നിവയുടെ സൂത്രധാരൻ ഇയാളാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
“അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് ഹമാസ് തീവ്രവാദികൾ ഇസ്രായേലിനെ ആക്രമിച്ചത്. പറഞ്ഞറിയിക്കാനാവാത്ത ക്രൂരതയോടെ സാധാരണക്കാരെയും ഹോളോകോസ്റ്റ് അതിജീവിച്ചവരെയും അവർ ആക്രമിച്ചു. മാതാപിതാക്കളുടെ മുന്നിൽ കുട്ടികളെയും കുട്ടികളുടെ മുന്നിൽ മാതാപിതാക്കളെയും കൊല്ലുകയും കൂട്ടക്കൊല ചെയ്യുകയും ചെയ്തു” – ബൈഡൻ ചൂണ്ടിക്കാട്ടി.
ഒക്ടോബർ 7-നു തൊട്ടുപിന്നാലെ, ഗാസയിൽ ഒളിച്ചിരിക്കുന്ന സിൻവാറിനെയും മറ്റ് ഹമാസ് നേതാക്കളെയും കണ്ടെത്താൻ സഹായിക്കുന്നതിന് അവരുടെ ഇസ്രായേൽ എതിരാളികളുമായി ചേർന്ന് പ്രവർത്തിക്കാൻ സ്പെഷ്യൽ ഓപ്പറേഷൻസ് ഉദ്യോഗസ്ഥർക്കും യു. എസ്. ഇന്റലിജൻസ് പ്രൊഫഷണലുകൾക്കും നിർദേശം നൽകിയതായി ബൈഡൻ പറഞ്ഞു.
യു. എസ്. രഹസ്യാന്വേഷണ സഹായത്തോടെ, ഐ. ഡി. എഫ്. ഹമാസിന്റെ നേതാക്കളെ അശ്രാന്തമായി പിന്തുടർന്നു. “അവരെ അവരുടെ ഒളിത്താവളങ്ങളിൽനിന്നു പുറത്താക്കുകയും അവരെ ഓടിപ്പോകാൻ നിർബന്ധിക്കുകയും ചെയ്തു” – ബൈഡൻ പറഞ്ഞു.