യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ പ്രശംസിച്ച്, യുഎസ് പ്രഥമ വനിത ജില്‍ ബൈഡന്‍. ശനിയാഴ്ച അയല്‍രാജ്യമായ റൊമാനിയ സന്ദര്‍ശിച്ച വേളയിലാണ് അവര്‍ യുക്രൈനില്‍ നിന്ന് അവിടെയെത്തിയ അഭയാര്‍ത്ഥികളെ കാണുകയും ‘നിങ്ങള്‍ അതിശയകരമാംവിധം ശക്തരാണ്’ എന്ന് അവരെ പ്രശംസിക്കുകയും ചെയ്തത്. അമ്മമാരും കുട്ടികളും തങ്ങളുടെ രാജ്യത്ത് റഷ്യ നടത്തുന്ന അധിനിവേശത്തില്‍ നിന്ന് രക്ഷപ്പെട്ടതെങ്ങനെയെന്ന് വിവരിക്കുന്നത് കേട്ടതിന് ശേഷമായിരുന്നു ജില്‍ ബൈഡന്റെ അഭിനന്ദനം.
‘ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് നിങ്ങള്‍ മനസിലാക്കുന്നതായി അറിയാം’. റൊമാനിയന്‍ ഫസ്റ്റ് ലേഡി കാര്‍മെന്‍ ഇയോഹാനിസിനൊപ്പം അഭയാര്‍ത്ഥി കേന്ദ്രം സന്ദര്‍ശിച്ച ജില്‍ ബൈഡന്‍ പറഞ്ഞു.
യുഎന്‍ കണക്കുകള്‍ പ്രകാരം, യുദ്ധം ആരംഭിച്ചതിന് ശേഷം 810,000 യുക്രേനിയക്കാര്‍ റൊമാനിയയിലേക്ക് പ്രവേശിച്ചു. അവരില്‍ പകുതിയും കുട്ടികളാണ്. യുക്രെയ്നിനും അതിനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കുമുള്ള യുഎസ് പിന്തുണയുടെ ഏറ്റവും പുതിയ പ്രകടനമാണ് ജില്‍ ബിഡന്റെ ഈ പ്രദേശത്തെ സന്ദര്‍ശനം.