എല്ലാ മാതാപിതാക്കളും കുറഞ്ഞത് ഒരു ചോദ്യമെങ്കിലും സ്വയം ചോദിക്കാൻ സാധ്യതയുണ്ട്, “എന്റെ കുട്ടികളെ മാനസികമായി എങ്ങനെ ശക്തരാക്കണമെന്ന് എപ്രകാരം ഞാൻ പഠിപ്പിക്കും?” ഇന്നത്തെ ലോകത്തിൽ ഈ ചോദ്യം കൂടുതൽ പ്രസക്തമാണ്. കാരണം, മാതാപിതാക്കൾ പലപ്പോഴും കുഴങ്ങിപ്പോകുന്നത് ഈ ഒരു സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ്. തങ്ങളുടെ കുട്ടി ഏതൊരു സാഹചര്യത്തിലും തളരരുതെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് സ്വീകരിക്കാവുന്ന ചില മാർഗങ്ങളാണ് ചുവടെ ചേർക്കുന്നത്.
മാനസികമായി ശക്തരായ കുട്ടികളെ വളർത്തുന്നതിനുള്ള അഞ്ച് സുവർണ്ണനിയമങ്ങൾ ഇതാ.
1. കുടുംബത്തിനു മുൻഗണന നൽകുക
മിക്ക മാതാപിതാക്കളും അവരുടെ ശരീരം പരിപാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോടു സംസാരിക്കുന്നു. അവരോട് പല്ല് തേക്കാൻ പറയുന്നു, ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ചും വ്യായാമം ചെയ്യുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ, വളരെ കുറച്ച് രക്ഷിതാക്കൾമാത്രമേ തങ്ങളുടെ മനസ്സിനെ പരിപാലിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് മക്കളോട് സംസാരിക്കാറുള്ളൂ. ശാരീരികമായി ശക്തരാകുന്നതിനൊപ്പം മാനസികമായും കുട്ടികളെ ശക്തരാകാൻ അവരെ ചില കാര്യങ്ങൾ നാം ബോധിപ്പിക്കേണ്ടതുണ്ട്.
അതിനായി, കുടുംബത്തിനും കുടുംബാഗങ്ങൾക്കും മുൻഗണന നൽകുക എന്നതാണ് ആദ്യപടി. എന്ത് പ്രശ്നങ്ങളുണ്ടെങ്കിലും മാതാപിതാക്കളോടോ, സഹോദരങ്ങളോടോ പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു ലഭ്യമാക്കണം. പ്രശ്നങ്ങൾ കേട്ടുകഴിഞ്ഞ് മുതിർന്നവർ കുട്ടിയുടെ കൂടെയുണ്ടാകുമെന്നു അവരെ ബോധ്യപ്പെടുത്തുകയും വേണം.
2. വികാരങ്ങളെക്കുറിച്ചു സംസാരിക്കുക
കോളേജ് വിദ്യാർഥികളിൽ 60 ശതമാനവും, തങ്ങൾ കോളേജിനായി അക്കാദമികമായി തയ്യാറെടുത്തവരാണെന്നും എന്നാൽ വൈകാരികമായി തയ്യാറെടുത്തവരല്ലെന്നും പഠനങ്ങൾ പറയുന്നു. നിരാശ, ഉത്കണ്ഠ, ഏകാന്തത തുടങ്ങിയ അസുഖകരമായ വികാരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പഠിപ്പിക്കാൻ മാതാപിതാക്കൾ കൂടുതൽ സമയം ചെലവഴിച്ചിരുന്നെങ്കിൽ നന്നായിരുന്നു എന്നും ഈ ചെറുപ്പക്കാരിൽ ബഹുഭൂരിപക്ഷവും പറയുന്നു.
‘കോപം’ അല്ലെങ്കിൽ ‘ആവേശം’ എന്നുമാത്രമാണ് മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ വികാരങ്ങളെ വിളിക്കുന്നത്. തൽഫലമായി, കുട്ടികൾ അവരുടെ വികാരങ്ങൾ തിരിച്ചറിയാൻ പഠിക്കുന്നില്ല, ആ വികാരങ്ങളെ നേരിടാൻ ആവശ്യമായ കഴിവുകളും അവർ നേടുന്നില്ല.
അത് പരിഹരിക്കുന്നതിനായി നിങ്ങളുടെ ദൈനംദിന സംഭാഷണങ്ങളിൽ വികാരപരമായ വാക്കുകൾക്കൂടി ഉൾപ്പെടുത്തുക.
നിങ്ങൾക്ക് എങ്ങനെ തോന്നുന്നുവെന്ന് തിരിച്ചറിയുകയും നിങ്ങളുടെ കുട്ടികളെ, അവർക്ക് എങ്ങനെ തോന്നുന്നുവെന്ന് തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യുക. ആ വികാരങ്ങൾ നിങ്ങളുടെ തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചു സംസാരിക്കുകയും ആരോഗ്യകരമായ രീതിയിൽ ആ വികാരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവരെ മുൻകൂട്ടി പഠിപ്പിക്കുകയും ചെയ്യുക.
3. യാഥാർഥ്യബോധത്തോടെ ചിന്തിക്കണമെന്ന് നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുക.
നിങ്ങളുടെ കുട്ടി സ്വയം സംശയിക്കുക, അമിതമായി സ്വയം കുറ്റപ്പെടുത്തുക, വിനാശകരമായ പ്രവചനങ്ങൾ അല്ലെങ്കിൽ നിഷേധാത്മക ചിന്തകൾ എന്നിവ പ്രകടിപ്പിക്കുക… ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ, എങ്ങനെ വ്യത്യസ്തമായി ചിന്തിക്കണമെന്ന് അവരെ പഠിപ്പിക്കുക. സഹായകരമല്ലാത്ത ചിന്തകൾ എങ്ങനെ തിരിച്ചറിയാമെന്നും അവയെ കൂടുതൽ യാഥാർഥ്യബോധത്തോടെ പുനർനിർമ്മിക്കാമെന്നും അവരെ കാണിക്കുക.
നിങ്ങളുടെ ചിന്തകൾ എല്ലായ്പ്പോഴും ശരിയല്ലെന്നും ചിലപ്പോൾ നിങ്ങളുടെ മസ്തിഷ്കം പറയുന്നത് തെറ്റാണെന്ന് തെളിയിക്കേണ്ടത് പ്രധാനമാണെന്നും വിശദീകരിക്കുക.
4. എങ്ങനെ പോസിറ്റീവ് ആക്ഷൻ എടുക്കാം എന്ന മാതൃക
തങ്ങളുടെ വികാരങ്ങൾക്കു വിരുദ്ധമായി പെരുമാറാൻ കഴിയുമെന്ന് കുട്ടികൾ അറിഞ്ഞിരിക്കണം. വാസ്തവത്തിൽ, അവരുടെ വികാരങ്ങൾക്കു വിപരീതമായി പെരുമാറാൻ സാധിക്കും.
നിങ്ങളുടെ കുട്ടിക്ക് സ്കൂളിൽ മോശം ദിവസമുണ്ടെങ്കിൽ, അവർ വീട്ടിലെത്തുമ്പോൾ അവർക്ക് സന്തോഷമുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ അനുവദിക്കുക, അത് അവരെ സുഖപ്പെടുത്താൻ സഹായിക്കും.
നിങ്ങൾ നല്ല മാതൃകയായിരിക്കുക. ചിലപ്പോൾ നിങ്ങളുടെ വികാരങ്ങൾക്കു വിരുദ്ധമായി നിങ്ങൾ പെരുമാറുന്നുവെന്ന് നിങ്ങളുടെ കുട്ടിയെ കാണിക്കുക. “എനിക്ക് ഇപ്പോൾ ക്ഷീണം തോന്നുന്നു. പക്ഷേ, ഇവിടെ ഇരുന്ന് ടി. വി. കാണുന്നതിനുപകരം നമുക്കായി അത്താഴം ഉണ്ടാക്കാൻ പോകുന്നത് ഒരു നല്ല തിരഞ്ഞെടുപ്പാണെന്ന് എനിക്കറിയാം” എന്നതുപോലുള്ള കാര്യങ്ങൾ പറയുക.
5. പ്രശ്നപരിഹാരത്തിൽ സജീവമായി ഏർപ്പെടുക
കുട്ടികളുടെ പ്രശ്‌നങ്ങളിൽ അവർക്കുവേണ്ടി കടന്നുചെല്ലാനും പ്രശ്നം പരിഹരിക്കാനും ശ്രദ്ധിക്കുക. അതുവഴി അവരിൽ പ്രശ്‌നപരിഹാര കഴിവുകൾ വളർത്തിയെടുക്കാൻ അവസരങ്ങൾ ലഭ്യമാക്കാം.
നിങ്ങളുടെ കുട്ടി ഒരു പ്രശ്‌നം നേരിടുമ്പോൾ സ്വയം പരിഹാരം വികസിപ്പിക്കാൻ അവനെ പ്രോത്സാഹിപ്പിക്കുക. ചിലപ്പോൾ അവരുടെ തീരുമാനം തെറ്റായിരിക്കാം. അത് ഒരു മികച്ച അധ്യാപനമാർഗമായി മാറ്റപ്പെടുമെന്നു തീർച്ചയാണ്.
കുട്ടികൾക്കു മാത്രമല്ല, ജീവിതത്തിൽ എല്ലാവർക്കും മാനസികശക്തി ആവശ്യമാണെന്നു വ്യക്തമാക്കുക. മാനസികമായി ശക്തരാകാനുള്ള തന്ത്രങ്ങളെക്കുറിച്ച് കുട്ടികളോടു സംസാരിക്കുക, തെറ്റുകളും പ്രശ്നങ്ങളും ഒരു പുതിയ സാധ്യതയുടെ നിമിഷങ്ങളാക്കി മാറ്റുക.