Tuesday, December 3, 2024

വടക്കൻ ഗാസയിലെ തീവ്രവാദി കേന്ദ്രങ്ങളിൽ ഇസ്രായേൽ ആക്രമണം: 87 പേർ കൊല്ലപ്പെട്ടെന്ന് ഹമാസ്

പാലസ്തീന്റെ വടക്കുഭാഗത്തുള്ള ബെയ്റ്റ് ലാഹിയ നഗരത്തിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 87 പേർ കൊല്ലപ്പെടുകയും 40 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസയിലെ ഹമാസിന്റെ ആരോഗ്യമന്ത്രാലയം. ജനവാസമേഖലയിലുണ്ടായ ആക്രമണത്തിൽ നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരിക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

നാശനഷ്ടങ്ങളുടെ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് അറിയിച്ച ഇസ്രായേൽ, ഹമാസ് പ്രസിദ്ധീകരിച്ച നാശനഷ്ട കണക്കുകൾ അതിശയോക്തിപരമാണെന്നു പ്രതികരിച്ചു. ഒരു തവണ റെയ്ഡ് നടന്ന വടക്കൻ ഗാസയിൽ ഹമാസ് പോരാളികൾ വീണ്ടും സംഘടിക്കുന്നത് തടയാൻ ഈ ദിവസങ്ങളിൽ സൈനിക നടപടികൾ ഇസ്രായേൽ ശക്തമാക്കിയിരുന്നു.

ഗാസയിലെ ഒരിടവും സുരക്ഷിതമല്ലെന്നും അവിടുത്തെ ജീവിതം ഒരു പേടിസ്വപ്നമാവുകയാണെന്നും യുദ്ധം ഉടൻ നിർത്തണമെന്നും യു. എന്നിന്റെ പീസ് പ്രോസസ് കോ-ഓർഡിനേറ്റർ ടോർ വെന്നസ്‌ലാൻഡ് പ്രതികരിച്ചു. സാധാരണ ജനങ്ങൾക്കുനേരെയുള്ള തുടർച്ചയായ ആക്രമണങ്ങളെ അപലപിക്കുന്നതായും ടോർ വെന്നസ്‌ലാൻഡ് പ്രസ്താവനയിൽ പറഞ്ഞു.

വടക്കൻ ഗാസയിൽ ഹമാസ് വീണ്ടും സംഘടിക്കുന്നത് തടയാൻ ഒക്‌ടോബർ ആദ്യം മുതലാണ് ഇസ്രായേൽ വീണ്ടും സൈനിക നടപടി ആരംഭിച്ചത്. അതേസമയം, വടക്കൻ ഗാസയിലെ ജബാലിയ മേഖലയിൽ ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥന്റെ മരണം ഞായറാഴ്ച ഇസ്രായേൽ സ്ഥിരീകരിച്ചു. ഇതേ സംഭവത്തിൽ മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരമാണ്.

Latest News