Wednesday, May 14, 2025

ചുഴലിക്കാറ്റുകൾക്കുശേഷം മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ കേസുകൾ ഫ്ലോറിഡയിൽ വർധിക്കുന്നു

ഹെലെൻ, മിൽട്ടൺ എന്നീ വിനാശകരമായ ചുഴലിക്കാറ്റുകളെത്തുടർന്ന്, ഫ്ലോറിഡയിൽ മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകളുടെ കേസുകൾ അടുത്തിടെ വർധിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. പിനെല്ലാസിൽ 13 പേർക്കും ഹിൽസ്ബറോയിൽ ഏഴുപേർക്കും മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷൻ സ്ഥിരീകരിച്ചു.

കനത്ത മഴയും വിനാശകരമായ കൊടുങ്കാറ്റുംമൂലം വെള്ളത്തിനടിയിലായ ഹിൽസ്ബറോയിലെയും പിനെല്ലാസിലെയും ടാംപ ബേ ഏരിയ കൗണ്ടികളിൽ ചൂടുള്ള തീരദേശജലത്തിൽ സാധാരണയായി കാണപ്പെടുന്ന വിബ്രിയോ വൾനിഫികസ് എന്ന ബാക്ടീരിയ ആണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷിക്കുന്നത്. സെപ്റ്റംബർ 26 ന് ഹെലെൻ ചുഴലിക്കാറ്റ് കരയിൽ പതിക്കുന്നതിനുമുമ്പ്, പിനെല്ലാസ് കൗണ്ടിയിലും ഹിൽസ്ബറോ കൗണ്ടിയിലും ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല.

ഹെലൻ ചുഴലിക്കാറ്റ് വരുന്നതിനുമുമ്പ് സെപ്റ്റംബറിൽ ഫ്ലോറിഡയിൽ വിബ്രിയോ വൾനിഫികസ് സ്ഥിരീകരിച്ച ആറ് കേസുകൾ ഉണ്ടായിരുന്നെങ്കിലും മാസാവസാനത്തോടെ എണ്ണം 24 ആയി ഉയർന്നു. ചുഴലിക്കാറ്റ് വീശിയതിനുശേഷം 38 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ബാക്ടീരിയ മൂലമുള്ള ഇൻഫെക്ഷൻ ബാധിതരുടെ എണ്ണം ഈ വർഷം മൊത്തം 76 ആയി ഉയർന്നു.

മലിനജലത്തിലൂടെയോ, മുറിവുകളിലൂടെയോ, ശരിയായി പാകം ചെയ്യാത്ത കടൽവിഭവങ്ങളിലൂടെയോ ഈ ബാക്ടീരിയ ആളുകളുടെ ഉള്ളിലെത്തും. രോഗപ്രതിരോധശേഷി കുറഞ്ഞവർ, കരൾരോഗം അല്ലെങ്കിൽ ഉണങ്ങാതെ തുറന്നിരിക്കുന്ന മുറിവുകൾ ഉള്ളവർ എന്നിവർക്ക് വിബ്രിയോ വൾനിഫികസ് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

ഓരോ വർഷവും യു. എസ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന 150 മുതൽ 200 വരെ വിബ്രിയോ വൾനിഫികസ് കേസുകളിൽ, അഞ്ചിൽ ഒരാൾ അണുബാധമൂലം മരിക്കുന്നു. ചിലപ്പോൾ അസുഖം വന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Latest News