ദ്വീപുരാഷ്ട്രമായ തായ്‌വാനുചുറ്റും സംഘടിപ്പിച്ച സൈനികാഭ്യാസത്തിന് ഒരാഴ്ചയ്ക്കുശേഷം തായ്‌വനോട് 105 കിലോമീറ്റർ മാത്രം അകലെയുള്ള ദ്വീപിൽ സൈനികാഭ്യാസം നടത്തി ചൈന. ലൈവ് ഫയറിങ് എക്സർസൈസാണ് ഇത്തവണ സൈന്യം നടത്തിയത്.
സ്വയംഭരണ ദ്വീപുരാഷ്ട്രമായ തായ്‌വാനുമേലുള്ള അവകാശവാദങ്ങൾ ചൈന വർധിപ്പിച്ചതിനു പിന്നാലെ അടുത്ത കാലത്തായി തായ്‌വാനു സമീപം സൈനികാഭ്യാസങ്ങൾ ചൈന ശക്തമാക്കിയിട്ടുണ്ട്.
തായ്‌വാനിൽനിന്ന് 105 കിലോമീറ്റർ അകലെയുള്ള നിയുഷാനു ചുറ്റുമുള്ള പ്രദേശം ചൊവ്വാഴ്ച പരിശീലനത്തിനായി അടച്ചിടുമെന്ന് കഴിഞ്ഞ ദിവസം ബീജിംഗ് അറിയിച്ചിരുന്നു. എന്നാൽ, പ്രാദേശികസ്ഥിരതയ്ക്ക് ഭീഷണിയായതിനാൽ ചൈന ഇത്തരം സൈനികാഭ്യാസങ്ങൾ നടത്തരുതെന്ന് തായ്‌വാൻ പ്രസിഡന്റ് ചോ ജംഗ്-തായി ഇതിനോടു പ്രതികരിച്ചു. പ്രദേശത്ത് ചൈന പതിവായി നടത്തുന്ന സൈനികാഭ്യാസം അനാവശ്യസമ്മർദം മാത്രമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പതിവ് സൈനികാഭ്യാസമാണെന്നാണ് പറയുന്നതെങ്കിലും ദ്വീപുരാഷ്ട്രത്തിലുള്ള തങ്ങളുടെ അവകാശവാദങ്ങൾ ഊട്ടിയുറപ്പിക്കാനാണ് ചൈനയുടെ പ്രകോപനപരമായ ഈ നടപടിയെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.