കോവിഡ് വായുവിലൂടെ പകരാനുള്ള സാധ്യത പ്രതലങ്ങള്‍ വഴിയുള്ളതിനെക്കാള്‍ ആയിരം മടങ്ങ് അധികമെന്ന് പഠനം. കോവിഡ് രോഗബാധിതര്‍ ഉപയോഗിക്കുന്ന വസ്തുക്കളിലോ പ്രതലങ്ങളിലോ മറ്റുള്ളവര്‍ തൊടുമ്പോഴാണ് രോഗം കൂടുതല്‍ പടരുന്നതെന്നായിരുന്നു ആദ്യകാല ധാരണ. പിന്നീടാണ് കോവിഡ് വായുകണങ്ങളിലൂടെയും പകരുമെന്ന് സ്ഥിരീകരിച്ചത്. 2020 ഓഗസ്റ്റിനും 2021 ഏപ്രിലിനും ഇടയില്‍ അന്തരീക്ഷത്തില്‍നിന്നുള്ള 256 സാംപിളുകളും പ്രതലങ്ങളില്‍ നിന്നുള്ള 517സാംപിളുകളും യു.എസിലെ മിഷിഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ശേഖരിച്ചു.
വൈറസ് സാന്നിധ്യമുള്ള വായുകണങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന നൂറുപേരില്‍ ഒരാള്‍ക്ക് രോഗബാധയുണ്ടാകുന്നതായി കണ്ടെത്തി. അതേസമയം പ്രതലങ്ങളില്‍നിന്ന് ഒരുലക്ഷം ഒരുലക്ഷം പേരില്‍ ഒരാള്‍ക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ആഴ്ച ജേണല്‍ ഓഫ് എക്‌സ്പോഷര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ എപ്പിഡെമിയോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചു.
രോഗവ്യാപനത്തിന് സാധ്യതയുള്ള ഇടങ്ങള്‍ തിരിച്ചറിയാനും നിയന്ത്രണമാര്‍ഗങ്ങള്‍ സ്വീകരിക്കാനും കണ്ടെത്തല്‍ സഹായിക്കുമെന്ന് മിഷിഗന്‍ സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ പ്രൊഫസര്‍ ച്വാന്‍വു ഷി പറഞ്ഞു.