Sunday, November 24, 2024

ഭൂമിക്ക് സമീപത്തേക്ക് അഞ്ച് കൂറ്റൻ ഛിന്നഗ്രഹങ്ങൾ വരുന്നതായി അറിയിച്ച് നാസ

വരും ദിവസങ്ങളിൽ ഭൂമിക്ക് സമീപത്തുകൂടി ഭീമൻ ഛിന്നഗ്രഹങ്ങൾ കടന്നുപോകുമെന്ന് അറിയിച്ച് നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി. ഒക്ടോബർ 26 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ അഞ്ച് ഛിന്നഗ്രഹങ്ങൾ ആണ് ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോകുന്നത്. കൂട്ടത്തിൽ ഏറ്റവും വലുപ്പമുള്ള ഡബ്ല്യുജി 2000 ത്തിന് 500 അടിയാണ് വലിപ്പം.

ഡബ്ല്യുജി 2000 എന്ന ഛിന്നഗ്രഹം ഒക്‌ടോബർ 28-ന് ഭൂമിയുടെ 3,330,000 കിലോമീറ്റർ അകലത്തിലൂടെ സുരക്ഷിതമായി കടന്ന് പോകും. ഭീമന്മാരായ ഈ ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് യാതൊരു അപകടവും ഉണ്ടാക്കില്ല എന്നാണു നാസ പറയുന്നത്. ഒക്ടോബർ 26-ന്, യഥാക്രമം 7,31,000 കിലോമീറ്ററും 4,200,000 കിലോമീറ്ററും അകലെ ഭൂമിയുടെ ഏറ്റവും സമീപത്ത് കൂടെ 2024 TB2, 2007 UT3 എന്നീ ഛിന്നഗ്രഹങ്ങൾ കടന്നുപോകും. 2016 BF 1 ഒക്ടോബർ 27 നാണ് ഭൂമിയുടെ ഏറ്റവും അടുത്ത് എത്തുന്നത്.

കൂട്ടത്തിൽ ഏറ്റവും ചെറിയതിന് 2024 UQ1 എന്നാണ് പേരുനൽകിയിരിക്കുന്നത്. ഇതിനു ഏകദേശം ഒരു ബസിന്റെ വലിപ്പം വരും എന്നാണ് ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്. ഈ ഛിന്നഗ്രഹം ഒക്ടോബർ 28 ന് ഭൂമിയോട് ഏറ്റവും അടുത്ത് എത്തും. വെറും 1,48,000 കിലോമീറ്റർ ദൂരതോടെയായിരിക്കും അത് കടന്നുപോകുക. ഇത്ര അടുത്തു വന്നാലും ചെറുതായതിനാൽ ഛിന്നഗ്രഹം നമ്മുടെ ഗ്രഹത്തിന് വലിയ അപകടമുണ്ടാക്കില്ല.

Latest News