Monday, November 25, 2024

1945 ലെ പോലെ ഇത്തവണയും വിജയം നമുക്കൊപ്പം; യുക്രൈന്‍ യുദ്ധം ചൂണ്ടിക്കാട്ടി വ്‌ളാഡിമിര്‍ പുടിന്‍

നാറ്റോ റഷ്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായി നിലനിന്നതിനാലാണ് യുക്രെയ്‌നെ ആക്രമിക്കേണ്ടി വന്നതെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരായി വിജയം വരിച്ചതിന്റെ ദിനം ആഘോഷിക്കവെയാണ് മോസ്‌കോയില്‍ പുടിന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാശ്ചാത്യശക്തികള്‍ റഷ്യയെ ആക്രമിക്കാന്‍ ഒരുങ്ങിയിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് ശക്തമായ നടപടി സ്വീകരിക്കേണ്ടി വന്നു. പോരാട്ടം റഷ്യയുടെ സ്വയ രക്ഷയ്ക്കുവേണ്ടിയാണ്. തികച്ചും അസ്വീകാര്യമായ ഭീഷണിയില്‍നിന്ന് മാതൃരാജ്യത്തെ സംരക്ഷിക്കേണ്ടിയിരിക്കുന്നുവെന്നും മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ തടിച്ചുകൂടിയ സൈനികരോട് പുടിന്‍ പറഞ്ഞു.

1945 ല്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിയെ പരാജയപ്പെടുത്തിയതിന്റെ 77 ാം വാര്‍ഷികത്തില്‍ മുന്‍ സോവിയറ്റ് രാജ്യങ്ങളെ പുടിന്‍ അഭിനന്ദിക്കുകയും ചെയ്തു. അന്നത്തെപ്പോലെ ഇത്തവണയും വിജയം നമ്മുടേതായിരിക്കുമെന്നും പുടിന്‍ പറഞ്ഞു.

ലോകത്താകെ ദുരിതങ്ങള്‍ സമ്മാനിച്ച നാസിസത്തിന്റെ പുനര്‍ജന്മം തടയേണ്ടത് നമ്മുടെ കടമയാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടി. നിര്‍ഭാഗ്യവശാല്‍ നാസിസം ഒരിക്കല്‍ കൂടി തല ഉയര്‍ത്തിയിരിക്കുകയാണ്. യുക്രൈന്‍ ഇന്ന് ഫാസിസത്തിന്റെ പിടിയിലാണെന്നും ഇത് റഷ്യന്‍ ഭാഷ സംസാരിക്കുന്ന കിഴക്കന്‍ യുക്രൈനിലെ റഷ്യന്‍ പൗരന്മാര്‍ക്ക് ഭീഷണിയാണെന്നും പുടിന്‍ ആരോപിച്ചു.

Latest News