ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽ. ഡി. പി.) നേതൃത്വത്തിലുള്ള സഖ്യത്തിന് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു. ഇതേ തുടർന്ന് പുതിയ പ്രധാനമന്ത്രിയുടെ ഭാവി തുലാത്രാസിലായിരിക്കുകയാണ്. സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങൾക്കുശേഷം എൽ. ഡി. പി. യുടെ പുതിയ നേതാവ് ഷിഗെരു ഇഷിബയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
എൽ. ഡി. പി. യും അതിന്റെ സഖ്യകക്ഷിയായ കോമെയ്റ്റോയും തിരഞ്ഞെടുപ്പിൽ 215 സീറ്റുകൾ നേടി. എന്നാൽ ഒറ്റയ്ക്കു ഭരിക്കാൻ 233 സീറ്റുകൾ എന്ന ഭൂരിപക്ഷത്തിലേക്കെത്താൻ പാർട്ടിക്കു കഴിഞ്ഞില്ല. തിങ്കളാഴ്ച ഒരു പ്രസംഗത്തിൽ, എൽ. ഡി. പി. ക്ക് ‘കടുത്ത വിധി’ നേരിടേണ്ടതായി വന്നുവെന്നും അവർ ഇത് ‘താഴ്മയോടെ’ അംഗീകരിക്കുമെന്നും ഷിഗെരു ഇഷിബ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിനു മുന്നോടിയായി, എൽ. ഡി. പി. ക്ക് പാർലമെന്ററി ഭൂരിപക്ഷം നഷ്ടപ്പെട്ടാൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇഷിബ രാജിവച്ചേക്കാമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് അദ്ദേഹത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2009 നുശേഷം ആദ്യമായാണ് എൽ. ഡി. പി. ക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെടുന്നത്. 1955 ൽ സ്ഥാപിതമായതു മുതൽ പാർട്ടി ഏതാണ്ട് തുടർച്ചയായി രാജ്യം ഭരിച്ചു. രാഷ്ട്രീയ ധനസമാഹരണ അഴിമതിയുടെ പശ്ചാത്തലത്തിൽ ഈ വർഷം ആദ്യം പാർട്ടി വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു.