ഡോളറിന് എതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക്. ഇന്ന് വ്യാപാരം തുടങ്ങിയപ്പോള്‍ 77.42 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. വിദേശ വിപണികളില്‍ അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജിച്ചതായിരുന്നു രൂപയ്ക്കു തിരിച്ചടിയായത്. വിദേശനിക്ഷേപകര്‍ വന്‍തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റഴിച്ചതും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായി.
വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോള്‍ നഷ്ടത്തില്‍ ആയിരുന്നു രൂപയുടെ മൂല്യം. 55 പൈസയുടെ ഇടിവാണ് വെള്ളിയാഴ്ചയുണ്ടായത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്നത്തെ ഇടിവ്. വിദേശ നിക്ഷേപങ്ങളുടെ പിന്‍വലിയലാണ് രൂപ കൂപ്പുകുത്താന്‍ കാരണമായത്. 17.7 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്.
എന്നാല്‍ ഇന്ന് രൂപ 0.3 ശതമാനം ഇടിഞ്ഞ് ഒരു ഡോളറിന് 77.1825 എന്ന നിലയിലെത്തിയിരുന്നു. മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.9812 എന്ന റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. വര്‍ദ്ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മി, ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടം എന്നിവയുള്‍പ്പെടെയുള്ള മറ്റ് പ്രശനങ്ങളും കറന്‍സിയെ ബാധിച്ചിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞയാഴ്ച നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുപോലും രൂപയുടെ മൂല്യത്തകര്‍ച്ച തടയാനായില്ല എന്നതാണ് വസ്തുത.
റഷ്യ – യുക്രൈന്‍ സംഘര്‍ഷം, എണ്ണവിലയിലുണ്ടായ കുതിപ്പ്, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയെല്ലാം രാജ്യത്തെ സമ്പദ്ഘടനയെ വലിയ രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. വിദേശ നിക്ഷേപങ്ങളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക് രൂപയുടെ മൂല്യത്തെ റെക്കോര്‍ഡ് ഇടിവിലേക്കാണ് എത്തിച്ചത്.