യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലെ പ്രധാന യു. എൻ. സഹായ ഏജൻസിയെ നിരോധിക്കുന്ന ബില്ലിന് ഒക്ടോബർ 28 തിങ്കളാഴ്ച ഇസ്രായേൽ പാർലമെന്റ് അംഗീകാരം നൽകി. അമേരിക്കയുടെ എതിർപ്പുകളും യു. എൻ. സുരക്ഷാസമിതിയുടെ മുന്നറിയിപ്പുകളും മറികടന്നാണ് ഇസ്രായേൽ യു. എൻ. ആർ. ഡബ്ല്യു. എ. വിലക്കിയത്.
പാലസ്തീൻ അഭയാർഥികൾക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യു. എൻ. ആർ. ഡബ്ല്യു. എ. യെ ഇസ്രായേലിലും അധിനിവേശ കിഴക്കൻ ജറുസലേമിലും പ്രവർത്തിക്കുന്നതിൽനിന്നും വിലക്കിക്കൊണ്ടുള്ള ബില്ലുകളാണ് പാർലമെന്റ് പാസാക്കിയത്. പുതിയ ബിൽ അനുസരിച്ച്, ഗാസയിലേക്കുള്ള എല്ലാ മാനുഷികസഹായ ചരക്കുകളും ഇസ്രായേൽ കർശനമായി നിയന്ത്രിക്കുന്നു. കൂടാതെ, ഇസ്രായേൽ ഉദ്യോഗസ്ഥരെ യു. എൻ. ആർ. ഡബ്ല്യു. എ. യുമായും അതിന്റെ ജീവനക്കാരുമായും പ്രവർത്തിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്യുന്നു.
ഏഴു പതിറ്റാണ്ടിലേറെയായി പാലസ്തീൻ പ്രദേശങ്ങളിലുടനീളവും പാലസ്തീൻ അഭയാർഥികൾക്കും യു. എൻ. ആർ. ഡബ്ല്യു. എ. അവശ്യസഹായം, സ്കൂൾ വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, സഹായം എന്നിവ നൽകിവന്നിരുന്നു. “തീവ്രവാദ സംഘടനയും (ഹമാസ്) യു. എൻ. ആർ. ഡബ്ല്യു. എ. യും തമ്മിൽ ആഴത്തിലുള്ള ബന്ധമുണ്ട്. ഇസ്രായേലിന് അത് സഹിക്കാൻ കഴിയില്ല” – ബിൽ സ്പോൺസർ ചെയ്ത നിയമനിർമാതാക്കളിൽ ഒരാളായ യൂലി എഡൽസ്റ്റൈൻ പാർലമെന്റിൽ പറഞ്ഞു.
ഗാസയിൽ ഇസ്രായേലുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന പാലസ്തീൻ തീവ്രവാദ ഗ്രൂപ്പായ ഹമാസ് ഈ ബില്ലിനെ പാലസ്തീനികൾക്കെതിരായ സയണിസ്റ്റ് ആക്രമണമെന്നും അതിന്റെ സഖ്യകക്ഷിയായ ഇസ്ലാമിക് ജിഹാദ് നിരോധനത്തെ വംശഹത്യയുടെ വർധനവ് എന്നും വിശേഷിച്ചു.
ഇസ്രായേലിന്റെ ഈ നടപടിക്കെതിരെ ലോകരാഷ്ട്രങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. ഇസ്രായേലിന്റെ സുരക്ഷയുടെ ഉറച്ച സംരക്ഷകനായ ജർമ്മനി ‘ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിലെ യു. എൻ. ആർ. ഡബ്ല്യു. എ. യുടെ പ്രവർത്തനത്തെ ഇത് അസാധ്യമാക്കും. ദശലക്ഷക്കണക്കിന് ആളുകൾക്ക് സുപ്രധാനമായ മാനുഷികസഹായം എത്തിക്കുന്നത് അപകടത്തിലാക്കു’മെന്ന് മുന്നറിയിപ്പ് നൽകി.