യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സി തന്റെ കാക്കി നിറത്തിലുള്ള ജാക്കറ്റ് ലേലത്തില്‍ വിറ്റു. 85 ലക്ഷം രൂപയ്ക്കാണ് അദ്ദേഹം ജാക്കറ്റ് ലേലം ചെയ്തത്. ഇത് ഏകദേശം 90,000 പൗണ്ട് വരും. ലണ്ടനില്‍ നടന്ന ചാരിറ്റി ലേലത്തിലാണ് സെലന്‍സ്കിയുടെ ജാക്കറ്റ് ലേലത്തില്‍ വെച്ചത്. മെയ് ആറിന് ടേറ്റ് മോഡേണില്വെച്ച് യുക്രെയ്ന് എംബസിയാണ് ലേലം സംഘടിപ്പിച്ചത്.
റഷ്യന്‍ അധിനിവേശ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് വേണ്ടിയുള്ള ധനസമാഹരണത്തിനായിരുന്നു ലേലം. 50,000 പൗണ്ടാണ് ജാക്കറ്റിന് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ലേലത്തിന് മുന്‍പ് സെലന്‍സ്കി പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് ലേലത്തെ പിന്തുണച്ചിരുന്നു. ബോറിസ് ജോണ്‍സന്റെ പിന്തുണയ്ക്ക് സെലന്‍സ്കി നന്ദി അറിയിക്കുകയും ചെയ്തു.
റഷ്യന്‍ അധിനിവേശം ആരംഭിച്ചതിന് പിന്നാലെയാണ് ആഗോള തലത്തില്‍, സാധാരണക്കാര്‍ക്ക് വരെ സെലന്‍സ്കിയെ മനസിലായി തുടങ്ങിയത്. അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. സെലന്‍സ്കി മോഡല്‍ വസ്ത്രം വങ്ങാനായി ചെയ്യേണ്ട കാര്യങ്ങളെന്ന തരത്തിലും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഉയര്‍ന്നു വന്നിരുന്നു.
അതേസമയം റഷ്യന്‍ അധിനിവേശം യുക്രെയ്നില്‍ ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തി ആര്‍ജ്ജിക്കുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന യുക്രെയ്നില്‍ നിന്ന് ഭയാനകമായ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ദശലക്ഷക്കണക്കിന് ആളുകള്‍ പലായനം ചെയ്യപ്പെട്ടു. വീടുകള്‍ തകര്‍ന്നടിഞ്ഞു. ഉറ്റവരേയും ഉടയവരേയും നഷ്ടമായി.. അങ്ങനെ നാശങ്ങളുടെ കണക്കുകള്‍ ഏറെയാണ്.