Monday, November 25, 2024

ഷോർട് ഫിലിം ‘നേതി’ അവാർഡ് കരസ്ഥമാക്കി

റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട് ഫിലിം ‘നേതി’ ബീഹാറിൽവച്ചു നടന്ന നവാദ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കി. മികച്ച മെയിൽ ഡയറക്‌ടർ അവാർഡ്, ജനപ്രിയ സിനിമ അവാർഡ് എന്നിവയാണ് ‘നേതി’ക്കു ലഭിച്ചത്. പ്രധാന കഥാപാത്രം ചെയ്തിരിക്കുന്നത് പ്രസിദ്ധ അഭിനേതാവ് ‘ജയശങ്കർ’ ആണ്.

വളരെ സ്വാർഥനായ കഥാപാത്രം തനിക്കുവേണ്ടി മാത്രം എല്ലാം സ്വരുക്കൂട്ടുന്നു. സ്വന്തം സഹോദരന്റെ ഏകവിളവ് പോലും, സ്വാർഥതയുടെ ഭ്രാന്തിൽ അയാൾക്ക് ശത്രുവായി തോന്നുന്നു. അതിന്റെ ഫലമായി സഹോദരന്റെ വിളവ് അയാൾ വെട്ടിവീഴ്‌ത്തുന്നു. പക്ഷേ, അത് അയാളുടെ വെറും തോന്നൽ മാത്രമായിരുന്നു. സഹോദരന്റെ വിളവിനിട്ടു വെട്ടിയപ്പോൾ അയാളുടെ വിളവുതന്നെയാണ് വീണത്. മനഃസാക്ഷി സത്യം പറഞ്ഞുകൊടുക്കുമ്പോഴും അയാളുടെ ഭ്രാന്ത് അവസാനിക്കുന്നില്ല.

‘നേതി’യുടെ കോ-ഡയറക്ടർ സ്മിറിൻ സെബാസ്റ്റ്യൻ ആണ്. കാമറ നിർവഹിച്ചിരിക്കുന്നത് ഷിനൂബ് ടി. ചാക്കോയും എഡിറ്റിംഗ് ജോൺസൺ തോമസും ആണ്. സംഗീതം നൽകിയിരിക്കുന്നത് ധനുഷ് ഹരികുമാർ, വിമൽജിത് വിജയൻ എന്നിവർ ചേർന്നാണ്. വൈശാഖ് ശോഭൻ സൗണ്ട് എഫക്ട് ചെയ്തിരിക്കുന്നു. പ്രീ പ്രൊഡക്ഷൻ സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ശിവപ്രസാദും സൂപ്പർവൈസിങ് സൗണ്ട് എഡിറ്റർ ആയി പ്രവർത്തിച്ചിരിക്കുന്നത് രംഗനാഥ് രവിയും ആണ്.

പ്രധാന നടനൊപ്പം കല്യാണി സുകുമാരൻ, ടിന്റു ജിനോ, ജിയന്നാ എന്നിവരും കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നു.

2020 ൽ റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ ചെയ്ത ‘കാറ്റിനരികെ’ എന്ന ഫീച്ചർ സിനിമ കേരളാ ഫിലിം ക്രിട്ടിക്ക് അവാർഡിന് അർഹമായി. അദ്ദേഹം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽനിന്നും സിനിമയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News