Monday, November 25, 2024

രാഷ്ട്രീയപാർട്ടികൾക്കു മുന്നറിയിപ്പുമായി റബർ കർഷക കണ്ണീർജ്വാല

റബർ വിലയിടിവിൽ സർക്കാർ – കോർപ്പറേറ്റ് – റബർ ബോർഡ് ഒത്തുകളിക്കെതിരെ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സമരപരിപാടികളുടെ തുടക്കമായി, കേരളപ്പിറവിദിനത്തിൽ കോട്ടയത്ത് ‘റബർ കർഷക കണ്ണീർജ്വാല’ എന്നപേരിൽ വമ്പിച്ച റബർ കർഷക പ്രതിഷേധസമരം സംഘടിപ്പിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

ഇറക്കുമതി മാനദണ്ഡങ്ങൾ പുതുക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുകയും ഇറക്കുമതിക്ക് കുറഞ്ഞ ഇറക്കുമതി തുക (MIP) പ്രഖ്യാപിക്കുകയും വേണം. പോർട്ട് നിയന്ത്രണവും ഗുണനിലവാര മാനദണ്ഡവും കൊണ്ടുവന്നാലേ ഗുണനിലവാരമുള്ള കേരള റബറിന് പിടിച്ചുനിൽക്കാനാകൂ. മാർക്കറ്റ് വിലയിരുത്തി കർഷകന് വേണ്ട നിർദേശം കൊടുക്കുകയും കർഷകന് റബറിന് ന്യായവില ലഭ്യമാക്കാനും കൃഷി പ്രോൽസാഹിപ്പിക്കാനും പ്രവർത്തിക്കേണ്ട റബർ ബോർഡ് നിഷ്ക്രിയമായി നിലകൊള്ളുകയാണ് എന്നും കത്തോലിക്ക കോൺഗ്രസ് സമരത്തിലൂടെ പറഞ്ഞു. ആഭ്യന്തര റബർസംരഭങ്ങൾക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കാനും സർക്കാരുകൾ തയ്യാറാകണം. റബറിനെ കാർഷികവിളയായി പ്രഖ്യാപിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണം.

റബറിന് 250 രൂപ പ്രകടനപത്രികയിൽ ഉറപ്പുനൽകി അധികാരത്തിലേറിയ സംസ്ഥാന സർക്കാർ വാഗ്ദാനം പാലിക്കണമെന്നും ബജറ്റിൽ വകയിരുത്തിയ തുക നൽകി റബറിന് താങ്ങുവില പ്രഖ്യാപിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു. ഭാരിച്ച കൃഷിച്ചെലവ് മൂലവും വളം കീടനാശിനി വിലവർധനവ് മൂലവും കാലാവസ്ഥാവ്യതിയാനം മൂലവും കൃഷി മുൻപോട്ടു കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിൽ റബർ ബോർഡ് കർഷകർക്കുവേണ്ടി നിലകൊള്ളണം.

തെരഞ്ഞെടുപ്പ് സമയത്ത് വില ഉയർത്തി പിന്നീട് വില ഇടിച്ച് കർഷകരെ വഞ്ചിക്കുന്ന രാഷ്ട്രീയപാർട്ടികളുടെ തന്ത്രങ്ങൾ കർഷകർ തിരിച്ചറിയുന്നുണ്ടെന്നും വോട്ടിലൂടെ പ്രതികരിക്കാൻ റബർ കർഷകകുടുംബങ്ങൾക്ക് മടിയില്ല എന്നും റബർ കർഷകവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി കേരളം മുഴുവൻ മുന്നിട്ടിറങ്ങുമെന്നും ‘റബർ കർഷക കണ്ണീർജ്വാല’ ഉദ്ഘാടനം ചെയ്ത് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ പ്രഖ്യാപിച്ചു.

കോട്ടയം കളക്ടറേറ്റ് പടിക്കൽനിന്ന് ആരംഭിച്ച പ്രതിഷേധറാലി ലൂർദ് ഫൊറോന വികാരി റവ ഡോ. ഫിലിപ്പ് നെൽപൂര പറമ്പിൽ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് റബർ ബോർഡ് പടിക്കൽ എത്തിച്ചേർന്ന് പ്രതിഷേധജ്വാല തെളിയിച്ചു.

കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, ഡോ. കെ. എം. ഫ്രാൻസിസ്, രാജേഷ് ജോൺ, രൂപതാ ഡയറക്ടർമാരായ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, റവ. ഡോ. മാത്യു പാലക്കുടി, ഭാരവാഹികളായ ബിജു സെബാസ്റ്റ്യൻ, ഇമ്മാനുവൽ നിധീരി, ബേബി കണ്ടത്തിൽ, തമ്പി എരുമേലിക്കര, ജോസ് വട്ടുകുളം, ബിനു ഡൊമിനിക്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ആൻസമ്മ സാബു, ജേക്കബ് നിക്കോളാസ്, പിയൂസ് പറേടം, ജോർജുകുട്ടി പുന്നക്കുഴി, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, അഡ്വ. മനു വരാപ്പള്ളി, ബിജു ഡൊമിനിക്, രാജീവ് തോമസ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News